കാസർകോട്: ബാർബർഷോപ്പിൽ മുടി മുറിക്കാനെത്തിയ 7 വയസുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 17 വയസുകാരനായ അതിഥിത്തൊഴിലാളിയെ പോലീസ് പിടികൂടി. ഞായറാഴ്ച വൈകിട്ട് മാണിയാട്ട് മസ്ജിദിന് സമീപത്തെ ബാർബർ ഷോപ്പിലായിരുന്നു സംഭവം.
പിതാവിനൊപ്പം ബാർബർ ഷോപ്പിൽ മുടിമുറിക്കാനെത്തിയതായിരുന്നു കുട്ടി. മുടിമുറിക്കാനിരിത്തിയ ശേഷം പിതാവ് സമീപത്തെ കടയിലേക്ക് പോയി. ഈ സമയം തൊഴിലാളി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ച് ബഹളം ഉണ്ടാക്കിയതോടെ ആളുകൾ സംഭവസ്ഥലത്തേക്ക് ഓടികൂടി. കുട്ടിയുടെ പിതാവ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി പൊലീസിനെ വിവരം അറിയിച്ചു.
പോക്ക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിന് പിന്നാലെ നാട്ടുകാർ ബാർബർഷോപ്പ് തകർത്തു. ബോർഡുകളും പൂട്ടും നശിപ്പിച്ചു. ബാർബർഷോപ്പിന് നേരെ അക്രമത്തിൽ പങ്കെടുത്ത മൂന്ന് പേർക്കെതിരെയും പോലീസ് കേസ് എടുത്തു. കേസില്‍ ജുവനൈല്‍ കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.





