തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദ്ദനക്കേസിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച കോടതി നടപടിയെ സർക്കാർ തിരിച്ചടിയായി കാണുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോടതി ഉത്തരവ് വിശദമായി പരിശോധിച്ച ശേഷം അപ്പീൽ നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ അഡ്വക്കേറ്റ് ജനറലുമായും ഡിജിപിയുമായും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പ്രതികളായ അഞ്ചുപേർക്കും മുൻകൂർ ജാമ്യം അനുവദിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരായ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഹണി എം. വർഗീസ് അധ്യക്ഷയായ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2023 ഡിസംബറിൽ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ചെന്നതാണ് കേസ്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ഇറങ്ങിയെത്തിയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ ആക്രമിച്ചതെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടിയായിരുന്നു ഗൺമാൻമാർ സ്വീകരിച്ചതെന്നും അത് ഒരു “രക്ഷാപ്രവർത്തനം” മാത്രമാണെന്നുമായിരുന്നു അന്നത്തെ സർക്കാരിന്റെ വിശദീകരണം. എന്നാൽ സംഭവത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തി.
പോലീസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ കോടതി വിധി പരിശോധിച്ച ശേഷമാകും സർക്കാർ തീരുമാനിക്കുക.





