ഗുവാഹത്തി: അസമിൽ ബിജെപി മുൻ കേന്ദ്രസഹമന്ത്രിയും മുതിർന്ന നേതാവുമായ രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേർ പാർട്ടിവിട്ടു. അസം ജനതയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും, ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് സംസ്ഥാനത്ത് സ്ഥിരതാമസത്തിന് അനുമതി നൽകി തദ്ദേശീയരുടെ അവകാശങ്ങളെ വഞ്ചിച്ചെന്നും രാജിക്കത്തിൽ ഗൊഹെയ്ൻ ആരോപിച്ചു.
1999 മുതൽ 2019 വരെ നാഗോൺ നിയോജകമണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാല് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗൊഹെയ്ൻ, 2016-2019 കാലഘട്ടത്തിൽ റെയിൽവേ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു. “പാർട്ടി മുമ്പ് പ്രവർത്തകരിൽ വിശ്വാസം വച്ചു, ബഹുമാനിച്ചു. എന്നാൽ ഇപ്പോഴത്തെ നേതൃത്വത്തിൽ ആ മനോഭാവം നഷ്ടമായി” എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈകിയയ്ക്ക് രാജിക്കത്ത് നൽകി കഴിഞ്ഞ് ഗൊഹെയ്ൻ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ നേതാക്കളടക്കം 17 പേർ രാജിവച്ചത്, ബിജെപിക്ക് അസമിൽ ഗൗരവമായ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.






