മുംബൈ: യുകെയിൽ പ്രവർത്തനം വിപുലീകരിക്കുന്നതായി ഇന്ത്യൻ ഐടി ഭീമൻ ടാറ്റ കൺസൾട്ടൻസി സർവീസസ് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 5,000 പുതിയ തൊഴിൽ അവസരങ്ങൾ യുകെയിൽ സൃഷ്ടിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിന്റെ ഭാഗമായി ലണ്ടനിൽ എഐ എക്‌സ്‌പീരിയൻസ് സോൺ, ഡിസൈൻ സ്റ്റുഡിയോ എന്നിവയും ആരംഭിക്കും. കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്കയിലെ ന്യൂയോർക്കിൽ ആദ്യ ഡിസൈൻ സ്റ്റുഡിയോ ആരംഭിച്ചതിന് പിന്നാലെയാണ് യുകെയിലേക്കുള്ള പുതിയ വിപുലീകരണം.
ടിസിഎസ് യുകെയിൽ അമ്പത് വർഷത്തിലേറെയായി പ്രവർത്തിക്കുന്നു. 2024 സാമ്പത്തിക വർഷത്തിൽ 3.3 ബില്യൺ (ഏകദേശം 38,000 കോടി രൂപ) യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന ചെയ്തതായി ഓക്‌സ്‌ഫോർഡ് ഇക്കണോമിക്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ 780 മില്യൺ (ഏകദേശം 9,000 കോടി രൂപ) നികുതി അടച്ചതും, 42,700 തൊഴിൽ അവസരങ്ങളുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടു പ്രവർത്തിച്ചതും റിപ്പോർട്ടിൽ പറയുന്നു.
യുകെയിലെ നിക്ഷേപകാര്യ മന്ത്രി ജേസൻ സ്റ്റോക്‌വുഡ്, ടിസിഎസിന്റെ തീരുമാനത്തെ അഭിനന്ദിച്ചു. ഇന്ത്യ-യുകെ വ്യാപാരകരാറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനമെന്ന് അദ്ദേഹം വ്യക്തമാക്കി. യുകെയിലെ സുപ്രധാന ഡിജിറ്റൽ സേവനദാതാക്കളിൽ ഒന്നാണെന്ന് പുതിയ നിക്ഷേപം തെളിയിക്കുന്നുവെന്നും, എഐ മേഖലയിൽ ഇത് വലിയ പിന്തുണയായിരിക്കുമെന്നും പിഎസിഐയിലെ പ്രിൻസിപ്പൽ അനലിസ്റ്റ് നിക് മെയ്‌സ് അഭിപ്രായപ്പെട്ടു.
യുകെ, ആഗോളതലത്തിൽ ടിസിഎസിന്റെ രണ്ടാമത്തെ വലിയ വിപണിയായിരിക്കുമെന്ന്, പ്രദേശത്തെ നാല് രാജ്യങ്ങളിലും ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ്, ഉത്തര അയർലൻഡ്) നിക്ഷേപം തുടരുമെന്നും ടിസിഎസ് യുകെ-അയർലൻഡ് തലവൻ വിനയ് സിംഗ്‌വി വ്യക്തമാക്കി.






