ഇടുക്കി: ഇടുക്കി കുമളിയിൽ രാത്രിയിൽ പെയ്തത് കനത്ത മഴ. റോഡിലേക്ക് വീണ മൺകൂനയിൽ സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ചു. വെള്ളാരംകുന്ന് പറപ്പള്ളിൽ വീട്ടിൽ പി.എം.തോമസ് (തങ്കച്ചൻ–66) ആണ് മരിച്ചത്. മത്തൻകട ഭാഗത്ത് രാത്രിയിലായിരുന്നു അപകടം നടന്നത്. കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. കനത്ത മഴയിൽ, റോഡിൽ മണ്ണും കല്ലും കിടക്കുന്നതു കാണാതെ സ്കൂട്ടർ ഇടിച്ചു കയറുകയായിരുന്നു.
കുമളിയിലും പരിസരപ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറി. മൂന്നാർ–കുമളി റോഡിൽ പുറ്റടിക്കു സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നെടുങ്കണ്ടം താന്നിമൂട്, കല്ലാർ, കൂട്ടാർ, മുണ്ടിയെരുമ, തൂവൽ എന്നിവിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. കൂട്ടാർ, നെടുങ്കണ്ടം, തൂവൽ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. കൂട്ടാറിൽ നിർത്തിയിട്ടിരുന്ന വാൻ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ശക്തമായ മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 24 മണിക്കൂറിനുള്ളിൽ ഉയർന്നത് 5.75 അടിയാണ്. അണക്കെട്ടിൽ നിലവിൽ 138.90 അടി വെള്ളമുണ്ട്. 1400 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുമ്പോൾ 8705 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നു.






