പാലക്കാട്: അട്ടപ്പാടിയിൽ ഭൂമിക്ക് തണ്ടപ്പേർ ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ കർഷകൻ കൃഷ്ണസ്വാമിയുടെ മരണത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമാക്കി. ബിജെപിയുടെ നേതൃത്വത്തിൽ അഗളി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കോൺഗ്രസ് നേതൃത്വത്തിൽ വില്ലേജ് ഓഫീസറെ ഉപരോധിക്കും.
കൃഷ്ണസ്വാമിയുടെ ഭൂമി രേഖകളിൽ തിരിമറി നടത്തി മറ്റൊരാളുടെ പേരിലാക്കിയതാണെന്നാണ് കുടുംബവും നാട്ടുകാരും ആരോപിക്കുന്നത് . റവന്യൂ ഉദ്യോഗസ്ഥരാണ് കർഷകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളെന്ന് രാഷ്ട്രീയ കക്ഷികൾ ആരോപിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥർ ഇന്ന് ജില്ലാകലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു. സംഭവത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും, ചില സാങ്കേതിക തടസ്സങ്ങൾ നീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി.




