തിരുവനന്തപുരം: മോൻത ചുഴലിക്കാറ്റ് തീരം തൊടാനിരിക്കെ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യ-കിഴക്കൻ അറബിക്കടലിനു മുകളിലായി നിലവിൽ തീവ്ര ന്യൂനമർദ്ദം നിലനിൽക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണണ്ട്. അതേസമയം, ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായും മറ്റൊരു തീവ്ര ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇത് ഒക്ടോബർ 27-നു രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും സമീപ പ്രദേശങ്ങളുടെയും മുകളിലൂടെ ചുഴലിക്കാറ്റായി മാറും. തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ഒക്ടോബർ 28-നു രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ഒക്ടോബർ 28-നു വൈകുന്നേരത്തോടെ ആന്ധ്രാപ്രദേശ് തീരത്തെ മച്ചിലിപട്ടണം–കാലിംഗപട്ടണം ഭാഗങ്ങൾക്കിടയിൽ, കാക്കിനടക്കു സമീപം, മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാനാണ് സാധ്യത.










