മലപ്പുറം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ച സംഭവത്തിൽ 7 പേരെ പൊലീസ് ജുവനൈൽ ഹോമിലേക്ക് മാറ്റി. ബാല സംരക്ഷണ സമിതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്.
വളവന്നൂർ യത്തീംഖാന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഹർഷിദാണ് കഴിഞ്ഞ വ്യാഴാഴ്ച മർദനമേറ്റത്. പരിക്കേറ്റ വിദ്യാർത്ഥി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.
ഇൻസ്റ്റാഗ്രാമിൽ റീൽസ് പങ്കുവെച്ചതിനെച്ചൊല്ലിയ തർക്കമാണ് മർദ്ദനത്തിലേക്ക് വഴിമാറിയതെന്ന് പൊലീസ് അറിയിച്ചു. മർദ്ദനത്തിൽ പങ്കെടുത്തതും അതേ ക്ലാസിലെ വിദ്യാർത്ഥികളാണെന്നാണ് വിവരം.




