തൃശ്ശൂർ: പാവറട്ടി മരുതയൂരിൽ മൈക്രോ ഫിനാൻസ് ഏജന്റുമാരുടെ അതിക്രമം. സംഭവത്തിൽ മരുതയൂർ സ്വദേശി കുണ്ടുവീട്ടിൽ ഗിരീഷ്, ഭാര്യ സുബൈദ (34), മൂന്നുവയസ്സുള്ള മകൾ എന്നിവരെയാണ് ഏജന്റുമാരിൽ ഒരാൾ ആക്രമിച്ചത്. സംഭവത്തിൽ കളക്ഷൻ ഏജന്റായി പ്രവർത്തിക്കുന്ന ഗുരുവായൂർ സ്വദേശി വടക്കുഞ്ചേരി വീട്ടിൽ ധീരജി(29)നെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.
മരുതയൂർ മണിയുടെ വീട്ടിൽ വെള്ളിയാഴ്ച 11.30-നാണ് സംഭവം. മണിയുടെ ഭാര്യ സന്ധ്യയും മറ്റ് സ്ത്രീകളും ചേർന്ന് കാണിപ്പയ്യൂരിലെ മൈക്രോ ഫിനാൻസിൽനിന്ന് വായ്പയെടുത്തിരുന്നു. ഇതിന്റെ കുടിശ്ശികയായ രണ്ട് അടവുകൾ പിരിക്കാൻ സ്‌കൂട്ടറിൽ എത്തിയവരിൽ ഒരാളാണ് ആക്രമണം നടത്തിയത്.
പണം അടയ്ക്കാൻ രണ്ടുദിവസത്തെ സാവകാശം ചോദിച്ചതോടെ സന്ധ്യയുടെ ഫോൺ തട്ടിയെടുത്തു. ചോദ്യം ചെയ്ത അയൽവീട്ടിലെ സുബൈദയുമായി ഇയാൾ വാക്കുതർക്കമായി.
സുബൈദ സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുക്കാനും ശ്രമിച്ചു. ഇതിനിടെ ഏജന്റുമാരിൽ ഒരാൾ ഇവരെ ആക്രമിച്ചു. പരിക്കേറ്റ സുബൈദ മുല്ലശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.




