തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ 12 കാരന്റെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ അമ്പലത്തുമ്പൂല സെന്റ് ആന്റണീസ് കുരിശടിക്ക് സമീപം, റോസി ഹൗസിൽ താമസിക്കുന്ന പത്രോസിന്റെയും ഡയാനയുടെയും മകൻ ജോബിൾ ആണ് മരിച്ചത്. മത്സ്യ തൊഴിലാളികളാണ് കടലിൽ ഒഴുകിക്കൊണ്ടിരുന്ന മൃതദേഹം കണ്ടെത്തി പൊലീസിനെ വിവരം അറിയിച്ചത്.
അടിമലത്തുറ ലൂയിസ് മെമ്മോറിയൽ യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ജോബിളിനെ ഒക്ടോബർ 31-ന് വൈകിട്ട് 4.30 ഓടെയാണ് കാണാതായത്. സ്കൂൾ വിട്ടു വീട്ടിലെത്തിയതിന് ശേഷം ബന്ധുവായ 11 കാരനൊപ്പം കടൽക്കരയിലേക്ക് പോയ ജോബിൾ, വസ്ത്രങ്ങളും ചെരുപ്പും കരയിൽവെച്ച് വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. ഈ സമയത്ത് ശക്തമായ തിരയിൽപ്പെട്ടത് കണ്ട ബന്ധുവാണ് നാട്ടുകാരെയും കുടുംബാംഗങ്ങളെയും വിവരം അറിയിച്ചത്.
വിവരമറിഞ്ഞ് വിഴിഞ്ഞം പൊലീസും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്‍റും മത്സ്യ തൊഴിലാളികളുമുപ്പെടെ മൂന്നു ദിവസമായി തിരച്ചിൽ നടത്തിവരുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി.




