ബാഴ്‌സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ നാലാം റൗണ്ടിൽ ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ ഇന്ന് മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ആറ് പോയിന്റുമായി മുന്നേറ്റം തുടരുന്ന ബാഴ്‌സലോണ, ഇന്ന് ബെൽജിയം ക്ലബ് ബ്രൂഗെയെ നേരിടും. മൂന്ന് കളികളിലും തോറ്റ ബ്രൂഗെ ടേബിളിന്റെ അടിത്തട്ടിലാണ്.
പരിക്കേറ്റ ഗാവി, പെഡ്രി, റഫീഞ്ഞ എന്നിവരില്ലാതെയാവും ബാഴ്‌സയിറങ്ങുക. ഡാനി ഓല്‍മോയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും പരിക്ക് മാറി തിരിച്ചെത്തുന്നത് കോച്ച് ഹാന്‍സി ഫ്‌ളിക്കിന് ആശ്വാസം. ലാമിന്‍ യമാല്‍, ഫെര്‍മിന്‍ ലോപസ്, മാര്‍കസ് റാഷ്‌ഫോര്‍ഡ്, ഫെറാന്‍ ടോറസ് എന്നിവര്‍ ഉള്‍പ്പെട്ട മുന്നേറ്റ നിരയിലേക്ക് ബാഴ്‌സ ആരാധകര്‍ ഉറ്റുനോക്കുന്നത്.
പെപ് ഗ്വാർഡിയോളയുടെ നേതൃത്വത്തിലുള്ള മാഞ്ചസ്റ്റർ സിറ്റി, ജർമൻ ശക്തരായ ബൊറൂസ്യ ഡോർട്ട്മുണ്ടിനെതിരെയാണ് ഇന്ന് രംഗത്തെത്തുന്നത്. 89 മത്സരത്തിൽ 86 ഗോളുകൾ നേടിയ എർലിംഗ് ഹാലണ്ടിന്റെ ഫോമിൽ സിറ്റി ആരാധകർ പ്രതീക്ഷയിലാണ്. രണ്ട് ജയവും ഒരു സമനിലയും നേടി ഇരു ടീമുകൾക്കും ഏഴ് പോയിന്റ് വീതമുണ്ട്. ഹോം അഡ്വാന്റേജിന്റെ ശക്തി പ്രയോജനപ്പെടുത്താനാണ് സിറ്റിയുടെ ശ്രമം.
ഗ്രൂപ്പിൽ മുന്നേറ്റം തുടരുന്ന ഇന്റർ മിലാൻ കസാഖിസ്ഥാൻ ക്ലബ് കെയ്‌റാറ്റ് ആൽമാറ്റിയെ നേരിടും. മൂന്ന് മത്സരവും ജയിച്ച ഇന്റർ ഇതിനകം ഒൻപത് ഗോളുകൾ നേടി വെറും ഒരേ ഒരു ഗോൾ മാത്രം വഴങ്ങിയിട്ടുണ്ട്. ബെൻഫിക്ക – ബയർ ലെവർക്യൂസൻ, ന്യൂകാസിൽ – അത്‌ലറ്റിക് ക്ലബ് ബിൽബാവോ, അയാക്സ് – ഗലാറ്റസറേ എന്നിവയാണ് ഇന്നത്തെ മറ്റ് മത്സരങ്ങൾ. എല്ലാ മത്സരങ്ങളും രാത്രി ഒന്നരയ്ക്ക് ആരംഭിക്കും

