ഇസ്‌ലാമാബാദ്:രഹസ്യമായി തങ്ങൾ ആണവായുധ പരീക്ഷണങ്ങൾ നടത്തുന്നുവെന്ന യൂഎസ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി പാകിസ്ഥാൻ. ആണവപരീക്ഷണങ്ങൾ നടത്തിയ ആദ്യ രാജ്യം തങ്ങളല്ലെന്നും അത് പുനരാരംഭിക്കുന്ന ആദ്യത്തെ രാജ്യവും തങ്ങളാവില്ലെന്നും പാകിസ്താൻ പറഞ്ഞു.
സമഗ്ര ആണവപരീക്ഷണ നിരോധന ഉടമ്പടിയിൽ (സിടിബിടി) ഒപ്പുവെച്ചിട്ടില്ലെങ്കിലും, പരീക്ഷണങ്ങളിൽ ഏകപക്ഷീയമായ മൊറട്ടോറിയം നിലനിർത്തുകയും സംയമനം പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മുതിർന്ന പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥൻ സിബിഎസ് ന്യൂസിനോട് പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിലേറെയായി ആണവപരീക്ഷണങ്ങളിൽനിന്ന് അമേരിക്ക വിട്ട് നിൽക്കുകയാണെന്നും അപ്പോളും റഷ്യ, ചൈന, ഉത്തര കൊറിയ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ രഹസ്യ ആണവപരീക്ഷണങ്ങൾ തുടരുകയാണെന്നും ആയിരുന്നു ട്രംപിൻറെ ആരോപണം.
‘അവർ പരീക്ഷണം നടത്തുന്നതുകൊണ്ട് ഞങ്ങളും നടത്തും. ഉത്തര കൊറിയ തീർച്ചയായും പരീക്ഷണം നടത്തുന്നുണ്ട്. പാകിസ്താനും നടത്തുന്നുണ്ട്. ആളുകൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത വിധം ഭൂമിക്കടിയിലാണ് അവർ പരീക്ഷണം നടത്തുന്നത്.’ സിബിഎസ് ന്യൂസ് ലേഖിക നോറ ഓ ഡോണലിനോട് ട്രംപ് പറഞ്ഞു.


