ന്യൂഡല്‍ഹി: അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടം പൈലറ്റിന്റെ പിഴവുകൊണ്ട് സംഭവിച്ചതാണെന്ന് രാജ്യത്ത് ആരും വിശ്വസിക്കുന്നില്ലെന്ന് ദുരന്തത്തില്‍ മരിച്ച ക്യാപ്റ്റന്‍ സുമീത് സഭര്‍വാളിന്റെ പിതാവിനോട് സുപ്രീം കോടതി. 2025 ജൂണില്‍ അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണ എയര്‍ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനറിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡ് ആയിരുന്നു സുമീത്.
അപകടത്തെക്കുറിച്ച് സ്വതന്ത്രവും സങ്കേതികമികവുള്ളതുമായ അന്വേഷണം സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് സുമീതിന്റെ പിതാവായ 91-കാരന്‍ പുഷ്‌കര്‍ സഭര്‍വാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ആ പരാമര്‍ശം നടത്തിയത്. ദുരന്തത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ മകന് പഴികേള്‍ക്കേണ്ടി വരില്ലെന്നും കോടതി പറഞ്ഞു.
‘വിമാനാപകടം ഏറെ ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ താങ്കളുടെ മകനാണ് കുറ്റക്കാരന്‍ എന്ന ഭാരം അങ്ങ് (സുമീതിന്റെ പിതാവ്) പേറരുത്. ആര്‍ക്കും അദ്ദേഹത്തെ (സുമീത്) ഒന്നിനും കുറ്റപ്പെടുത്താനാകില്ല.’ വാദം കേള്‍ക്കവേ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ഇതുവരെ പൈലറ്റിനെതിരേ ആരോപണങ്ങളൊന്നും ഉയര്‍ന്നിട്ടില്ലെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടില്‍ രണ്ട് പൈലറ്റുമാരും തമ്മിലുള്ള സംഭാഷണം രേഖപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അത് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ മുഖാന്തരമാണ് സുമീതിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചത്. എയര്‍ക്രാഫ്റ്റ് (ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് ആക്‌സിഡന്റ്‌സ് ആന്‍ഡ് ഇന്‍സിഡന്റ്‌സ്) നിയമത്തിലെ റൂള്‍ ഒന്‍പതു പ്രകാരമുള്ള പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടന്നിട്ടുള്ളതെന്നും റൂള്‍ 11 പ്രകാരമുള്ള പൂര്‍ണ-സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
പുഷ്‌കര്‍ സഭര്‍വാളിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും ഡിജിസിഎ(ഡയറക്ടേേററ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ)യോടും മറ്റ് അധികൃതരോടും പ്രതികരണം ആരാഞ്ഞിട്ടുണ്ട്. ഹർജി നവംബര്‍ പത്തിന് വീണ്ടും പരിഗണിക്കും.


