കോഴിക്കോട് : ചേറുവണ്ണൂർ–ഫറോക്ക് വാക്ക്‌വേ നിർമ്മാണത്തിനായി 99.95 ലക്ഷം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്. ചാലിയാർ നദിയുടെ തീരത്തുകൂടി ഫറോക്ക് പഴയ പാലത്തിനും പുതിയ പാലത്തിനുമിടയിലായിരിക്കും നടപ്പാത നിർമ്മിക്കുന്നത്.
പ്രദേശത്തെ ടൂറിസം സാധ്യതകൾ ഗണ്യമായി വർദ്ധിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഫറോക്ക് പഴയപാലം ടൂറിസം കേന്ദ്രമായി മാറ്റിയതിൽ ആവേശകരമായ പ്രതികരണമാണ് സഞ്ചാരികളിൽ നിന്നുണ്ടായത് എന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പഴയ പാലം മുതൽ പുതിയ പാലം വരെയുള്ള നടപ്പാത കോഴിക്കോട് നഗരപരിധിക്കടുത്തുള്ള ഏറ്റവും ശ്രദ്ധേയമായ ടൂറിസം ആകർഷണമായി മാറുമെന്ന പ്രതീക്ഷയും മന്ത്രി പ്രകടിപ്പിച്ചു.
ഭരണാനുമതി ലഭിച്ച തീയതി മുതൽ ആറു മാസത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് നിർദ്ദേശം. ബേപ്പൂർ നിയോജകമണ്ഡലത്തിലെ ഫറോക്ക് പഴയ പാലത്തിനും പിഡബ്ല്യുഡി റസ്റ്റ് ഹൗസിനും ഇടയിൽ വാക്ക്‌വേ നിർമ്മിക്കാനാണ് പദ്ധതി. ഫറോക്ക് പഴയ പാലം, റിവർ വേൾഡ് പാർക്ക്, പിഡബ്ല്യുഡി റസ്റ്റ് ഹൗസ് പരിസരം എന്നിവയെല്ലാം ചേർന്ന് കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി വളർന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.










