കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസക്ക് സമീപം നടത്തിയ വാഹന പരിശോധനയിൽ ഓട്ടോറിക്ഷയിൽ ഒളിപ്പിച്ച നിലയിൽ 10 കിലോയിലേറെ കഞ്ചാവ് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണാടിക്കൽ സ്വദേശി തോട്ടുകടവ് വീട്ടിൽ സി കെ ഷാജി(45), വാഴക്കാട് സ്വദേശി ചെറുവായൂർ തലേക്കുന്നുമ്മൽ കെ അബ്ദുൽ കരീം (52) എന്നിവരെ ഡാൻസാഫ് സംഘവും പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഒഡീഷയിൽ നിന്ന് കോഴിക്കോട്ടേക്ക് കഞ്ചാവ് എത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡാൻസ് സംഘത്തിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയത്. ഇതിനിടെയാണ് ഓട്ടോറിക്ഷയിൽ നിന്നു കഞ്ചാവ് കണ്ടെടുത്ത ത്കോയമ്പത്തൂരിൽ നിന്നും ബസ് മാർഗ്ഗം രാമനാട്ടുകരയിലെത്തി അവിടെനിന്നും ഓട്ടോറിക്ഷവിളിച്ച് താമരശ്ശേരി ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് ഇവർ പിടിയിലായത്.
അറസ്റ്റിലായ ഷാജിയും അബ്ദുൽ കരീമും നിരവധി മോഷണക്കേസുകളിൽ പ്രതികളായവരാണെന്ന് പോലീസ് അറിയിച്ചു. ഷാജി നേരത്തെ കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ആളുമാണ്. കൊടുവള്ളി, താമരശ്ശേരി,അടിവാരം എന്നീ പ്രദേശങ്ങളിലെ ലഹരി മരുന്നു ലോബികൾക്കായാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും പോലീസിന് വിവരം ലഭിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷ്ണർ കെ. എ ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫ് എസ്ഐമാരായ എ. മനോജ്, അബ്ദുറഹ്മാൻ,എഎസ് ഐമാരായ അനീസ് മൂസാൻ വീട്,അഖിലേഷ്,സിപിഒമാരായ സുനോജ്, സരുൺ, ശ്രീശാന്ത്, ഷിനോജ്,അതുൽ, തൗഫീഖ്,അഭിജിത്,ദിനീഷ്,മഷൂർ എന്നിവരും പന്തീരങ്കാവ് പോലീസിലെ സബ് ഇൻസ്പെക്ടർമാരായ നിധിൻ,ഫിറോസ്, പ്രദീപൻ, സിപിഒ മനാഫ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.






