കോഴിക്കോട്: ദേശീയപാത 66-ൽ അരൂർ-തുറവൂർ ഉയരപ്പാതയുടെ നിർമ്മാണ സ്ഥലത്തുണ്ടായ ഒരാൾ മരിച്ച സംഭവത്തിൽ, ) മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിയോട് അടിയന്തിരമായി റിപ്പോർട്ട് തേടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഉണ്ടായ വീഴ്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനാണ് നിർദ്ദേശം.
.ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. ഹൈഡ്രോളിക് ജാക്കിന് തകരാർ സംഭവിച്ചതാണ് ഗർഡർ തെന്നിമാറി വീഴാൻ കാരണമെന്ന് കരാർ കമ്പനി പ്രാഥമികമായി വിശദീകരിച്ചു. എന്നാൽ ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ജില്ലാ കളക്ടർ വിലയിരുത്തി.അപകടത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കരാർ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്.
. ആലപ്പുഴ ജില്ലയിലെ അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനിടെ ചന്തിരൂരിന് സമീപം പിയർ നമ്പർ 203-ൽ, സ്ഥാപിക്കാനായി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയായിരുന്ന കോൺക്രീറ്റ് ഗർഡർ താഴെ റോഡിലൂടെ പോവുകയായിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് തകർന്ന് വീഴുകയായിരുന്നു.
പിക്കപ്പിന്റെ ഡ്രൈവറായ ഹരിപ്പാട് സ്വദേശി രാജേഷ് ആണ് അപകടത്തിൽ മരിച്ചത്. മുട്ടയുമായി തമിഴ്‌നാട്ടിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. 80 ടണ്ണോളം ഭാരമുള്ള കൂറ്റൻ ഗർഡർ വാഹനത്തിന് മുകളിലേക്ക് പതിച്ചതോടെ വാഹനം പൂർണ്ണമായും തകർന്നു. മൂന്ന് മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിൽ വണ്ടി വെട്ടിപ്പൊളിച്ചാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്.



