കോട്ടയം: ഡൽഹി സ്ഫോടനത്തിനു ശേഷം കോട്ടയം റെയിൽവേ സ്റ്റേഷനിൽ ബാഗുകളും ഇലക്ട്രോണിക് വസ്തുക്കളും ഇവിടെ എത്തുന്ന പാഴ്സലുകളും പരിശോധിക്കാൻ റെയിൽവേ നടപടി തുടങ്ങി. റെയിൽവേ സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജില്ലാ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലും യാത്രക്കാരുടെ വിശ്രമ സ്ഥലങ്ങളും പരിശോധന നടത്തുകയാണ്.
ട്രെയിനിൽ റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്ന ഇരുചക്രവാഹനങ്ങൾ, കൊറിയർ വസ്തുക്കൾ, യാത്രക്കാരുടെ ബാഗുകൾ തുടങ്ങിയവ പരിശോധിക്കാനും നിർദേശമുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തുന്ന നോൺ ലീനിയർ ജംക്‌ഷൻ ഡിറ്റക്ടർ, മെറ്റൽ ഡിറ്റക്ടർ എന്നിവ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. പാഴ്സലുകൾ കൈകാര്യം ചെയ്യുന്ന ഗോഡൗണിനുള്ളിലും പരിശോധന നടത്തുകയാണ്.
അതെ സമയം കോട്ടയം റെയിൽവേ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങിയ അജ്ഞാതനെക്കുറിച്ച് കൂടുതൽ അന്വേഷിക്കണമെന്നു റെയിൽവേ ചെന്നൈ സെൻട്രൽ സോണിൽനിന്നു റെയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസo ദുരൂഹ സാഹചര്യത്തിൽ പ്ലാറ്റ്‌ഫോം ബെഞ്ചുകളുടെ ഇടയിൽ ഒരാൾ ഉറങ്ങുന്നത് ചെന്നൈയിൽ നിന്നുള്ള സിസിടിവി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നിർദേശമെത്തിയത്. കോട്ടയം റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ചെന്നൈയിൽ സെൻട്രൽ ഓഫിസിലിരുന്ന് പരിശോധിക്കാൻ സാധിക്കുന്നതാണ്.






