മലപ്പുറം: പെരിന്തൽമണ്ണയിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ അധ്യാപകർക്ക് പൊലീസ് മുൻ കൈയെടുത്ത് ബോധവത്കരണ, പരിശീലന സെമിനാർ നടത്തി.
പെരിന്തൽമണ്ണ സബ് ഡിവിഷന് കീഴിൽ വരുന്ന പെരിന്തൽമണ്ണ, കൊളത്തൂർ, മങ്കട, പാണ്ടിക്കാട്, മേലാറ്റൂർ, കരുവാരക്കുണ്ട് സ്റ്റേഷൻ പരിധികളിലെ സ്കൂളുകളിൽ നിന്നും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ അംഗങ്ങളായ അധ്യാപകർ പങ്കെടുത്തു.
പെരിന്തൽമണ്ണ വ്യാപാര ഭവനിൽ സെമിനാർ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് കൃഷ്ണദാസ് നിർവഹിച്ചു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എ.പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി 130 ഓളം അധ്യാപകർ പങ്കെടുത്തു.
എസ്.പി.ജി എങ്ങനെ കാര്യക്ഷമമായി നടപ്പാക്കാം എന്നതിനെക്കുറിച്ചും പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സംബന്ധിച്ചും കുട്ടികളിൽ വർധിക്കുന്ന ലഹരി ഉപയോഗം ഇല്ലാതാക്കാൻ സ്വീകരിക്കേണ്ട പ്രായോഗിക നടപടികളെ കുറിച്ചും ചർച്ചകൾ നടന്നു.
കൊളത്തൂർ പൊലീസ് ഇൻസ്പെക്ടർ പ്രൈജു, മേലാറ്റൂർ പൊലീസ് ഇൻസ്പെക്ടർ മനോജ് കുമാർ എന്നിവർ സംസാരിച്ചു. പെരിന്തൽമണ്ണ സബ് ഇൻസ്പെക്ടർ ഷിജോ സി. തങ്കച്ചൻ നന്ദി പറഞ്ഞു.






