മധുര: തമിഴ്നാട്ടിലെ ക്ഷേത്രോത്സവത്തിനിടെ കാണാതായ 7 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാർക്ക് ചെയ്തിരുന്ന ഒരു എസ്‌യുവി കാറിന്റെ ഉള്ളിലായിരുന്നു കുട്ടിയുടെ മൃതദേഹം. കാണാതായിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
ഒളിച്ചുകളിക്കിടെ അബദ്ധത്തിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിൽ കയറി കുടുങ്ങിയതാണ് കുട്ടിയുടെ മരണകാരണമെന്ന് പൊലീസ് പറഞ്ഞു. മുത്തശ്ശിയെ കാണാനെത്തിയ കുടുംബത്തോടൊപ്പം ഉത്സവത്തിൽ പങ്കെടുത്തതിനിടെ കുട്ടിയെ കാണാതാവുകയും, തിരക്കിനിടെ നടത്തിയ തിരച്ചിൽ ഫലമാകാതെ പോയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വിശദമായി പരിശോധിക്കാത്തതിനാലാണ് തിരച്ചിലിൽ വീഴ്ച ഉണ്ടായത്. ക്ഷേത്രത്തിന് സമീപം ഉച്ചത്തിലുള്ള സംഗീതശബ്ദം നിലനിന്നതിനാൽ കുട്ടി സഹായത്തിന് വിളിച്ചാലും കേൾക്കാതെ പോയിരിക്കാമെന്നുമാണ് പൊലീസ് വിലയിരുത്തുന്നത്. പ്രദേശത്തെ ഒരു ഡോക്ടറുടേതായിരുന്നു വാഹനം. പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം ദുരൂഹതയില്ലെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ്.








