ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിൽ കോൺഗ്രസ്സിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. 23 വാർഡുകളുള്ള പഞ്ചായത്തിലെ പല വാർഡുകളിലും, ബ്ലോക്കിലും സ്ഥാനാർത്ഥികളെ പോലും നിശ്ചയിക്കാൻ സാധിക്കാതെ തമ്മിലടിക്കുകയാണ്.
പല വാർഡുകളിലും പ്രവർത്തകർ നേതാക്കൾക്ക് എതിരെ പരസ്യമായി രംഗത്ത് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഘടക കക്ഷിയായ മുസ്ലിം ലീഗുമായും കോണ്ഗ്രസ് നേതൃത്വം ഇടഞ്ഞാണ് നിൽക്കുന്നത്. 23 വാർഡുകളിൽ ഒരു സീറ്റ് പോലും മുസ്ലിം ലീഗിന് നൽകാതെ ഇരിക്കുകയും തന്മൂലം മുസ്ലിം ലീഗ് ഒറ്റക്ക് മത്സരിക്കാൻ തയാറെടുക്കുകയും ചെയ്തിരുന്നു. അവസാന നിമിഷം 19 ആം വാർഡിൽ ഒരു സീറ്റ് നൽകിയാണ് പ്രശ്നം തണുപ്പിച്ചിരിക്കുന്നത് .
നാലാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉയർത്തികാട്ടിയിരുന്ന കോണ്ഗ്രസ് പ്രവർത്തകയെ അവസാന നിമിഷം മാറ്റുകയും നിലവിലെ ബ്ലോക്ക് മെമ്പർ ആ സീറ്റിലേക്ക് മത്സരിക്കുകയും ചെയ്യുന്നു. മുൻപ് സ്ഥാനർത്തിയായി നിശ്ചയിച്ചിരുന്ന കോണ്ഗ്രസ് പ്രവർത്തക എസ് ടി പി ഐ പിന്തുണയോടെ 4 വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനും തയാറെടുക്കുന്നു .
പത്ത് വർഷമായി എസ് ടി പി ഐ ഭരിക്കുന്ന അഞ്ചാം വാർഡിൽ കോൺഗ്രസ്സിന് മത്സരിക്കാൻ സ്ഥാനാർത്ഥിയെ കിട്ടാതിരിക്കുകയും മറ്റു വാർഡുകളിൽ നിന്ന് കൊണ്ട് വന്നു മത്സരിപ്പിക്കയും ചെയ്യുന്നു. ആറാം വാർഡിൽ ഇത് വരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനും കോൺഗ്രസ്സിന് സാധിച്ചിട്ടില്ല
മുപ്പത് വർഷമായി സി പി. എം ഭരിക്കുന്ന പഞ്ചായത്തിൽ വികസന മുരടിപ്പും കുടിവെള്ള പ്രശ്നവും ഉണ്ടായിട്ടും, അതൊന്നും ഉയർത്തി കാണിക്കാതെ അധികാരത്തിനും സ്ഥാനങ്ങൾക്കും വേണ്ടി തമ്മിൽ തല്ലുന്ന കോണ്ഗ്രസ് മണ്ഡലം നേതാക്കൾക്ക് എതിരെ പ്രവർത്തകർ പരസ്യമായും സോഷ്യൽ മീഡിയ വഴിയും രംഗത്തു വന്നിട്ടുണ്ട്.






