കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി യുവതി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചുതകർത്ത സംഭവം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സംഭവത്തിന് പിന്നാലെ വിശദീകരണവുമായി യുവതി തന്നെ രംഗത്തെത്തി. യാത്രയ്ക്കിടയിൽ അടിയന്തരമായി ബാത്ത്റൂമിൽ പോകേണ്ടി വന്നുവെന്നും കടുത്ത പരിഭ്രാന്തിയിലും സമ്മർദ്ദത്തിലുമായിരുന്ന തനിക്ക് അപ്പോൾ എമർജൻസി എക്സിറ്റ് ഉപയോഗിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും അറിയില്ലായിരുന്നു എന്നുമാണ് യുവതി വ്യക്തമാക്കിയത്.
നിർഭാഗ്യവശാൽ കാര്യങ്ങൾ കൈവിട്ടുപോയതാണെന്നും താൻ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും സംഭവിച്ചതിന് മാപ്പ് ചോദിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഇരുപത്തിയെണ്ണായിരം രൂപ പിഴയടച്ച് അന്ന് തന്നെ ഔദ്യോഗികമായി പ്രശ്നം പരിഹരിച്ചിരുന്നെങ്കിലും സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ യുവതിക്കെതിരെ ശക്തമായ സൈബർ ആക്രമണമാണ് നടക്കുന്നത്. ധരിച്ച വസ്ത്രത്തെപ്പോലും അധിക്ഷേപിച്ചുകൊണ്ടുള്ള ട്രോളുകളും കമന്റുകളും മാനസികമായി ഏറെ തളർത്തുന്നുവെന്ന് യുവതി വ്യക്തമാക്കുമ്പോൾ, അടിയന്തര ഘട്ടങ്ങളിൽ ബസുകൾ നിർത്തിക്കൊടുക്കണമെന്ന നിയമമുണ്ടെന്ന വാദവുമായി യുവതിയെ അനുകൂലിച്ചും ചിലർ രംഗത്തെത്തുന്നുണ്ട്.
ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ സ്റ്റോപ്പ് അനുവദിക്കാൻ നിയമമുണ്ടോ എന്ന ചോദ്യം വ്യാപകമായി ഉയരുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആർടിഎ, പോലീസ് തുടങ്ങിയ സംവിധാനങ്ങൾ യാത്രക്കാരുടെ എണ്ണവും സുരക്ഷിതത്വവും കണക്കിലെടുത്താണ് സാധാരണയായി ബസ് സ്റ്റോപ്പുകൾ നിശ്ചയിക്കുന്നത്. കൂടാതെ പൊതുജനങ്ങളുടെ ആവശ്യപ്രകാരം കെഎസ്ആർടിസി നേരിട്ടും സ്റ്റോപ്പുകൾ അനുവദിക്കാറുണ്ട്. വിവിധ ക്ലാസുകളിൽപ്പെട്ട ബസുകൾക്ക് വ്യത്യസ്ത സ്റ്റോപ്പുകളാണ് നിശ്ചയിച്ചിട്ടുള്ളത് എങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ഇളവ് നൽകാൻ കെഎസ്ആർടിസി മാന്വലിൽ കൃത്യമായ നിർദ്ദേശങ്ങളുണ്ട്. പോലീസ് സ്റ്റേഷൻ, ആശുപത്രി എന്നിവയ്ക്ക് മുന്നിൽ നിശ്ചിത സ്റ്റോപ്പുകൾ ഇല്ലെങ്കിൽ പോലും ട്രാഫിക് തടസ്സമുണ്ടാകാത്ത രീതിയിൽ ആവശ്യപ്പെട്ടാൽ ബസുകൾ നിർത്തിക്കൊടുക്കണമെന്ന് മാന്വൽ വ്യക്തമാക്കുന്നു. യാത്രക്കാരുടെ സൗകര്യവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഇതിന് പുറമെ സ്റ്റോപ്പുകൾ അല്ലാത്ത സ്ഥലങ്ങളിലും ബസ് നിർത്തിക്കൊടുക്കാവുന്ന പ്രത്യേക സന്ദർഭങ്ങളെക്കുറിച്ച് മാന്വലിൽ സൂചിപ്പിക്കുന്നുണ്ട്. യാത്രക്കാർ വളരെ കുറവുള്ള സമയങ്ങളിൽ സർവീസ് നടത്തുമ്പോഴും, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്നതോ മറ്റ് യാത്രാസൗകര്യങ്ങൾ ഇല്ലാത്തതോ ആയ സ്ഥലങ്ങളിലും സ്റ്റോപ്പുകൾ ഇല്ലെങ്കിൽ പോലും ബസുകൾ നിർത്തിക്കൊടുക്കേണ്ടതാണ്. പ്രത്യേകിച്ച് പ്രായമായവർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, രോഗികൾ എന്നിവർ ആവശ്യപ്പെടുമ്പോൾ ഇത്തരം കാര്യങ്ങളിൽ പ്രത്യേക പരിഗണനയും ഇളവുകളും നൽകണമെന്ന് നിയമത്തിൽ കൃത്യമായി വ്യവസ്ഥ ചെയ്യുന്നുണ്ട്.





