ടോക്കിയോ: ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഭൂചലനത്തെ തുടർന്ന് മൂന്ന് അടി വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. തീരപ്രദേശങ്ങളിലുള്ള ജനങ്ങളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്.
ജപ്പാൻ മെറ്റീരിയോളജിക്കൽ ഏജൻസിയുടെ (JMA) റിപ്പോർട്ട് പ്രകാരം കടലിനടിത്തട്ടിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നിലവിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജപ്പാന്റെ തെക്കൻ മേഖലയിലെ ക്യുഷു ദ്വീപിലാണ് കുമാമോട്ടോ സ്ഥിതി ചെയ്യുന്നത്. കുമാമോട്ടോയ്ക്ക് പുറമെ നാഗസാക്കി, കഗോഷിമ, ഫുക്കുവോക്ക, സാഗ, ഓയ്റ്റ, മിയാസാക്കി എന്നീ പ്രവിശ്യകളിലും അടിയന്തര ഭൂചലന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 25ന് ജപ്പാന്റെ വടക്കൻ മേഖലയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നെങ്കിലും അന്ന് വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഭൂചലന സാധ്യത കൂടുതലുള്ള രാജ്യമായ ജപ്പാനിൽ പ്രതിവർഷം നൂറിലധികം ചെറുതും വലുതുമായ ഭൂചലനങ്ങൾ രേഖപ്പെടുത്താറുണ്ട്. ലോകത്ത് റിപ്പോർട്ട് ചെയ്യുന്ന ഭൂചലനങ്ങളിൽ ഏകദേശം 18 ശതമാനവും ജപ്പാനിലാണെന്നാണ് കണക്കുകൾ.











