തിരുവനന്തപുരം: പുറത്ത് നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. പീക്ക് സമയത്ത് വൈദ്യുതി ആവശ്യകതയിൽ 500 മെഗാവാട്ട് വരെ വർധനയുണ്ടാകാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമുണ്ടായാൽ നിയന്ത്രണ നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 89 ദശലക്ഷം യൂണിറ്റായിരുന്നു. ഇതിൽ 74 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്തുനിന്നാണ് വാങ്ങിയത്.
സംസ്ഥാനത്തെ അണക്കെട്ടുകളിൽ നിലവിൽ 30 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. വരും വർഷങ്ങളിൽ വൈദ്യുതി ആവശ്യകതയും വിലയും ഉയരാൻ സാധ്യത കണക്കിലെടുത്ത് കൂടുതൽ വൈദ്യുതി വാങ്ങൽ കരാറുകളിലേക്ക് കടക്കുകയാണ് കെഎസ്ഇബി.
അതേസമയം, 2028 ഏപ്രിൽ മുതൽ 200 മെഗാവാട്ട് സോളാർ വൈദ്യുതി വാങ്ങാൻ കേരള റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ വഴിയുള്ള കരാറിനാണ് അനുമതി ലഭിച്ചത്. യൂണിറ്റിന് 2.93 രൂപ നിരക്കിൽ 25 വർഷത്തേക്കാണ് കരാർ.
പീക്ക് സമയത്ത് നാല് മണിക്കൂർ വൈദ്യുതി ഉറപ്പാക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം ഉൾപ്പെടുന്നതാണ് പദ്ധതി. പദ്ധതി സമയബന്ധിതമായി നടപ്പാക്കിയാൽ സംസ്ഥാനാന്തര ട്രാൻസ്മിഷൻ ചാർജിൽ ഇളവ് ലഭിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.
നിലവിൽ പീക്ക് സമയ വൈദ്യുതി ആവശ്യകത നിറവേറ്റാൻ യൂണിറ്റിന് ശരാശരി 9 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ ചൂണ്ടിക്കാട്ടി. ഭാവിയിൽ ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങളും ഹൈബ്രിഡ് പവർ പദ്ധതികളും കൂടുതൽ ആശ്രയിക്കേണ്ടിവരുമെന്നും വിലയിരുത്തലുണ്ട്.
അതേസമയം, ഗ്രിഡിലേക്ക് നൽകുന്ന പുരപ്പുറ സോളാർ വൈദ്യുതിയുടെ നിരക്ക് യൂണിറ്റിന് 4.34 രൂപയായി ഉയർത്തണമെന്ന ഉത്പാദകരുടെ ആവശ്യം റെഗുലേറ്ററി കമ്മീഷൻ തള്ളി. നിലവിലെ യൂണിറ്റിന് 3.26 രൂപ നിരക്ക് തുടരും. പകൽ സമയത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്ന സാഹചര്യത്തിൽ സോളാർ ഉത്പാദകർക്ക് ഉയർന്ന നിരക്ക് നൽകാനാകില്ലെന്നായിരുന്നു കെഎസ്ഇബിയുടെ വാദം.




