കൊല്ലം: കുളത്തുപ്പുഴയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. കുളത്തുപ്പുഴ 16 ഏക്കറിൽ വാടകയ്ക്ക് താമസിക്കുന്ന അജീഷാണ് ഭാര്യ അശ്വതിയെ ആക്രമിച്ചത്. കുടുംബ പ്രശ്നങ്ങളാണ് വധശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. നാല് വർഷമായി ഇരുവരും വേർപിരിഞ്ഞ് താമസിച്ചുവരികയായിരുന്നു.
ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി കുളത്തുപ്പുഴ ചെമ്പനഴികം ഭാഗത്ത് ഓട്ടോറിക്ഷ കാത്തുനിന്നിരുന്ന അശ്വതിയെ, സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ അജീഷ് ആക്രമിക്കുകയായിരുന്നു. മർദനത്തിനിടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിലേക്ക് കുത്താൻ ശ്രമിച്ചെങ്കിലും അശ്വതി ഒഴിഞ്ഞുമാറിയതിനാൽ പുറത്ത് കുത്തേൽക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച അജീഷിനെ നാട്ടുകാർ പിടികൂടി കുളത്തുപ്പുഴ പൊലീസിന് കൈമാറി. പരിക്കേറ്റ അശ്വതി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അശ്വതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അജീഷിനെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






