ഐപിഎല്‍ ലീഗ് ഘട്ടം അവസാന സ്റ്റേജിലേക്ക് കടക്കുമ്പോള്‍ പ്രധാന ടീമുകളുടെ പ്ലേ ഓഫ് സാധ്യതകള്‍ പരിശോധിക്കാം.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (16 പോയിന്റ്)
അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ വിജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പാക്കാം. രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്നില്‍ ഫിനിഷ് ചെയ്യാം. എന്നാല്‍ രണ്ട് മത്സരങ്ങളും തോറ്റാല്‍ കാര്യങ്ങള്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാകും.
ഗുജറാത്ത് ടൈറ്റന്‍സ് (16 പോയിന്റ്)
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുള്ള തങ്ങളുടെ അവസാന മത്സരത്തില്‍ വിജയിച്ചാല്‍ ഗുജറാത്തിന് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്നിലെത്താം. എന്നാല്‍ പരാജയപ്പെട്ടാല്‍ 16 പോയിന്റില്‍ ഒതുങ്ങും. പിന്നീട് മറ്റ് ടീമുകളുടെ മത്സരഫലങ്ങളെയും റണ്‍റേറ്റിനെയും ആശ്രയിക്കേണ്ടി വരും.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (14 പോയിന്റ്)
ബാക്കിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ ഹൈദരാബാദിനും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും. എന്നാല്‍ ഇതിനായി ആര്‍സിബിയോ ജിറ്റിയോ 16 പോയിന്റില്‍ തന്നെ തുടരേണ്ടതുണ്ട്. രണ്ട് കളിയും തോറ്റാല്‍ മധ്യനിരയിലെ കടുത്ത മത്സരം കാരണം റണ്‍റേറ്റ് നിര്‍ണായകമാകും.
പഞ്ചാബ് കിങ്‌സ് (13 പോയിന്റ്)
അവശേഷിക്കുന്ന മത്സരങ്ങള്‍ വിജയിച്ചാല്‍ പഞ്ചാബിന് 17 പോയിന്റോടെ റണ്‍റേറ്റ് തലവേദനകളില്ലാതെ പ്ലേ ഓഫില്‍ കടക്കാം. ഒരു മത്സരത്തില്‍ മാത്രമാണ് ജയിക്കുന്നതെങ്കില്‍ മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കണം.
രാജസ്ഥാന്‍ റോയല്‍സ് (12 പോയിന്റ്)
മധ്യനിരയിലുള്ള ടീമുകളില്‍ പ്ലേ ഓഫ് സാധ്യതയില്‍ ഏറ്റവും മുന്നില്‍ രാജസ്ഥാനാണ്. അവര്‍ക്ക് ഇനിയും മൂന്ന് മത്സരങ്ങള്‍ ബാക്കിയുണ്ട്. പരമാവധി 18 പോയിന്റ് വരെ നേടാനാകും. ആര്‍സിബിയോ ജിറ്റിയോ 16 പോയിന്റില്‍ ഒതുങ്ങിയാല്‍ സഞ്ജുവിനും സംഘത്തിനും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്നില്‍ ഫിനിഷ് ചെയ്യാം.
ചെന്നൈ സൂപ്പര്‍ കിങ്‌സ് (12 പോയിന്റ്)
ബാക്കിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ പോലും മോശം റണ്‍റേറ്റ് കാരണം സിഎസ്‌കെയ്ക്ക് ആദ്യ സ്ഥാനങ്ങളില്‍ എത്തുക പ്രയാസകരമാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (11 പോയിന്റ്)
കെകെആറിന് ഇനി പരമാവധി ലഭിക്കുക 15 പോയിന്റാണ്. മുന്നിലുള്ള ടീമുകള്‍ വന്‍ തിരിച്ചടികള്‍ നേരിട്ടാല്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷയുള്ളൂ.
ഡല്‍ഹി ക്യാപിറ്റല്‍സ് (10 പോയിന്റ്)
ഡല്‍ഹിയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ സ്വന്തം കൈകളിലല്ല. 12 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള അവര്‍ക്ക് ഇനി പരമാവധി 14 പോയിന്റ് മാത്രമേ നേടാനാകൂ. വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ പോലും ഡല്‍ഹിക്ക് പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിക്കൊണ്ടിരിക്കുകയാണ്.






