ലഖ്‌നൗ: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിക്കെതിരെ ആസിഡ് ആക്രമണം. ഉത്തർപ്രദേശിലെ ബറേലിയിലെ ഷേർഗറിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഉമേഷ് കശ്യപ് എന്നയാളാണ് യുവതിയെയും ഭർത്താവിനെയും രണ്ട് മക്കളെയും ലക്ഷ്യമിട്ട് ആസിഡ് ഒഴിച്ചത്.
രാത്രിയിൽ വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. രാവിലെ ആറുമണിയോടെ ഒരു കുടുംബത്തിലെ നാലുപേർക്കെതിരെ ആസിഡ് ആക്രമണം നടന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഷേർഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നാലെ ഉമേഷ് കശ്യപാണ് ആക്രമണത്തിന് പിന്നിലെന്നും കണ്ടെത്തി.
വിവാഹിതയായ യുവതിയോട് ഉമേഷ് നേരത്തെ വിവാഹാഭ്യർഥന നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവതി അത് നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. യുവതിയെ ലക്ഷ്യമിട്ടായിരുന്നു ആസിഡ് ഒഴിച്ചതെങ്കിലും ഭർത്താവിനും രണ്ട് കുട്ടികൾക്കും പരിക്കേൽക്കുകയായിരുന്നു.
സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിക്കായി തെരച്ചിൽ ശക്തമാക്കി. ഉമേഷ് കശ്യപിനെ പിടികൂടുന്നതിനായി പ്രത്യേക സംഘങ്ങളെയും രൂപവത്കരിച്ചിട്ടുണ്ട്.






