പാലക്കാട്: ദേശീയപാതയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരേ സ്ഥലത്ത് 2 അപകടം. വൈകിട്ടുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരൻ മരിച്ചു. രാവിലെയുണ്ടായ അപകടത്തിൽ ഒരാൾക്കു ഗുരുതര പരുക്കേറ്റു. പുതുശ്ശേരി പഞ്ചായത്ത് ഓഫിസിനു മുന്നിൽ ദേശീയപാത കുറുകെക്കടക്കുന്നതിനിടെ, സിഗ്നൽ തെറ്റിച്ച് അമിത വേഗത്തിലെത്തിയ പിക്കപ് വാൻ ഇടിച്ചാണ് യുവാവ് മരിച്ചത്. മായപ്പള്ളം പരേതനായ രാമൻകുട്ടിയുടെ മകൻ രമേഷ് (36) ആണു മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. രമേഷിനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ വാഹനം വാളയാർ പൊലീസ് സിസിടിവി പരിശോധിച്ചു പിന്തുടർന്നു തമിഴ്നാട്ടിൽ നിന്നു പിടികൂടി. പ്രതികളെയും വാഹനവും കസ്റ്റഡിയിലെടുത്തു. പെയ്ന്റിങ് തൊഴിലാളിയായ രമേഷ് ജോലികഴിഞ്ഞു വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് കഞ്ചിക്കോട് വാതക ശ്മശാനത്ത് പത്തോടെ. ഇതേ ഭാഗത്ത് സിഗ്നലിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ പിക്കപ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ പിക്കപ് വാൻ ഡ്രൈവർ കോയമ്പത്തൂർ കൗണ്ടർപാളയം സ്വദേശി ശെൽവരാജിനാണു (58) പരുക്കേറ്റത്. ഇയാളുടെ കാലിനു ഗുരുതര പരുക്കേറ്റിട്ടുണ്ട്. കഞ്ചിക്കോട് അഗ്നിരക്ഷാസേന ജില്ലാ ആശുപത്രിയിലെത്തിച്ച ശെൽവരാജിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. 2 അപകടങ്ങളും നടന്നത് ഒരേ സ്ഥലത്തായിരുന്നു. ദേശീയപാതയിൽ കൂടുതൽ അപകടം നടക്കുന്ന ബ്ലാക്ക് സ്പോട്ടുകളിൽ ഒന്നായ ഇവിടെ ഈ മാസം മാത്രം ഇരുപതിലേറെ അപകടങ്ങളാണുണ്ടായത്. ഇതിൽ 3 പേർ മരിച്ചു. പഞ്ചായത്ത് ഓഫിസും കൃഷി ഓഫിസും ഉൾപ്പെടെ സ്ഥിതിചെയ്യുന്നതിനാൽ തിരക്കേറിയ ഭാഗമാണിത്.






