കോഴിക്കോട്: അനധികൃത ലൈറ്റ് ഫിഷിംഗ് നടത്തിയ തമിഴ്നാട് രജിസ്ട്രേഷൻ ബോട്ടിനെ പിടികൂടി പിഴ ചുമത്തി. ‘ജെബം’ എന്ന പേരിലുള്ള ബോട്ടിനെയാണ് ബേപ്പൂർ ഫിഷിംഗ് ഹാർബറിൽ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്തത്. അമിത പ്രസരണ ശേഷിയുള്ള ലൈറ്റ് സംവിധാനം ഉപയോഗിച്ച് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയതിനാലാണ് നടപടി.
ഒരിക്കൽ കടലിൽ പോയി തിരിച്ചെത്തിയ ശേഷം വീണ്ടും പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെ ഐസ് നിറയ്ക്കുന്ന സമയത്താണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. 200 വാട്ട് ശേഷിയുള്ള ഏഴ് എൽഇഡികളും 240 വാട്ട് ശേഷിയുള്ള അഞ്ച് എൽഇഡികളും ഉൾപ്പെടെ ഉയർന്ന ശേഷിയുള്ള ലൈറ്റുകളും അനുബന്ധ ഉപകരണങ്ങളും ബോട്ടിൽ നിന്ന് പിടിച്ചെടുത്തു.
മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം സബ് ഇന്‍സ്പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ ഫിഷറീസ് ഗാര്‍ഡുമാരായ അരുണ്‍, ശ്രീരാജ്, റസ്ക്യൂ ഗാര്‍ഡ് വിഘ്നേശ്, താജുദ്ദീന്, വിശ്വജിത്ത് എന്നിവരുടെ സംഘമാണ് പിടികൂടിയത്.
തമിഴ്നാട് കന്യാകുമാരി ജില്ലയിലെ നീരോടി സ്വദേശി ആൻഡ്രസ് ജോണിന്റെ പേരിലുള്ള ബോട്ടിന് ₹1,50,000 രൂപ പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.






