മലപ്പുറം: ആസൂത്രിതമായ പ്രവർത്തനത്തിലൂടെ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ജനങ്ങളോടൊപ്പം നിന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞതായും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. താനൂർ നഗരസഭ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കച്ചവട താൽപര്യമില്ലാതെ ജനഹിതമനുസരിച്ച് പ്രവർത്തിക്കുകയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. ഖജനാവിലെ ഒരു ഭാഗം സാധാരണക്കാരുടെ കൈകളിലെത്തിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ക്ഷേമപെൻഷനുകൾ വർധിപ്പിച്ചത്. എല്ലാ കാലത്തും കോൺഗ്രസ് എതിർപ്പുമായി രംഗത്തുവന്നെങ്കിലും എൽഡിഎഫ് സർക്കാറുകൾ പെൻഷൻ തുക വർധിപ്പിച്ച് ജനങ്ങൾക്ക് നൽകി.
ഇന്ത്യക്ക് മാതൃകയായി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറി. മൂന്നാം തവണയും എൽഡിഎഫ് തുടരുമ്പോൾ സമ്പൂർണ ദാരിദ്ര്യ നിർമ്മാർജ്ജന സംസ്ഥാനമാക്കി കേരളത്തെ മാറ്റും. ജനങ്ങളെ ചേർത്തുപിടിച്ച് അഴിമതിരഹിത ഭരണം തുടരുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. താനൂർ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ എ പി സുബ്രഹ്മണ്യൻ അധ്യക്ഷനായി.
സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ടി എൻ ശിവശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. സി കെ സലിം, ഹംസു മേപ്പുറത്ത്, പി അജയ്കുമാർ, കെ വിവേകാനന്ദൻ, കെ പി സൈനുദ്ദീൻ, എ കെ സിറാജ്, സി പി അശോകൻ തുടങ്ങിയവർ സംസാരിച്ചു. എം അനിൽകുമാർ സ്വാഗതം പറഞ്ഞു.




