ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി അടിയന്തരാവസ്ഥയെ എൻസിഇആർടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 50 വർഷങ്ങൾക്ക് ശേഷമാണ് വിഷയത്തെ ഔദ്യോഗിക പാഠഭാഗമായി ഉൾപ്പെടുത്തുന്നത്.
ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള അധ്യായം ഉൾപ്പെടുത്തിയിരിക്കുന്നത്. “Understanding Society: India and Beyond” എന്ന ഭാഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉൾപ്പെടുത്തിയിരിക്കുന്നത്.
NCERT തയ്യാറാക്കിയ പാഠഭാഗത്തിൽ 1975–77 കാലഘട്ടത്തിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിന് നേരിട്ട വലിയ വെല്ലുവിളികളിൽ ഒന്നായാണ് വിലയിരുത്തുന്നത്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ തുടങ്ങിയ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പാഠത്തിൽ പറയുന്നു.
അടിയന്തരാവസ്ഥ കാലത്ത് മൗലികാവകാശങ്ങൾ താൽക്കാലികമായി റദ്ദാക്കപ്പെട്ടതും മാധ്യമങ്ങൾ സെൻസർ ചെയ്യപ്പെട്ടതും നിരവധി രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തതുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങൾ സമ്മർദത്തിലായതും പൗരസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടതും പാഠഭാഗം വിശദീകരിക്കുന്നു.
അടിയന്തരാവസ്ഥയെ എതിര്‍ത്ത പ്രക്ഷോഭങ്ങളിൽ പ്രധാന പങ്കുവഹിച്ച ജയപ്രകാശ് നാരായണനെ കുറിച്ചും പാഠഭാഗത്തിൽ വിശദമായി പരാമർശമുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരാവസ്ഥയെ “ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അധ്യായം” എന്നാണ് വിശേഷിപ്പിച്ചത്. ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമായിരുന്നു അടിയന്തരാവസ്ഥയെന്നും പൗരസ്വാതന്ത്ര്യങ്ങൾ അടിച്ചമർത്തപ്പെട്ട കാലഘട്ടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.






