കല്‍പ്പറ്റ: വിമതനായി മത്സരിക്കാനൊരുങ്ങിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയലിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയം. നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിച്ച് ജഷീര്‍ പള്ളിവയല്‍.
തോമാട്ടുചാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കാണ് പത്രിക നല്‍കിയിരുന്നത്. കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പത്രിക പിന്‍വലിച്ചത്.
ഇന്ന് രാവിലെ ജഷീര്‍ പള്ളിവയല്‍ ഡിസിസി ഓഫീസില്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്താനാണ് വയനാട് ഡിസിസി ഓഫീസിലെത്തിയത്. ടി സിദ്ദിഖ് എംഎല്‍എ, ഡിസിസി പ്രസിഡണ്ട് ടി ജെ ഐസക് എന്നിവരുമായി ചര്‍ച്ച നടത്തി.
മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് തോമാട്ടുചാലില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജഷീര്‍ പള്ളിവയല്‍ പറഞ്ഞു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു ജഷീര്‍. പാര്‍ട്ടിയിലെ ചില ആളുകള്‍ സ്ഥാനാര്‍ത്ഥിത്വം ഇല്ലാതാക്കാനായി ശ്രമിച്ചു.
ജന്മനാട്ടില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് വിലയിരുത്തിയത് വേദനിപ്പിച്ചു. പാര്‍ട്ടി തീരുമാനം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജഷീര്‍ പള്ളിവയല്‍ പറഞ്ഞിരുന്നു.




