കോട്ടയം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട എന്യുമറേഷൻ നടപടികൾ ജില്ലയിൽ ആദ്യമായി പൂർത്തീകരിച്ച ബൂത്ത് ലെവൽ ഓഫീസർക്ക് (ബി.എൽ.ഒ.) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ആദരം. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ 56-ാം പോളിംഗ് ബൂത്തിലെ ബി.എൽ.ഒ ആയ എസ്.ആർ. സന്തോഷ് കുമാറിനാണ് ഈ അംഗീകാരം ലഭിച്ചത്. എന്യുമറേഷൻ ഫോമുകളുടെ വിതരണവും ഡിജിറ്റൈസേഷനും ഇദ്ദേഹം സമയബന്ധിതമായി പൂർത്തിയാക്കി.
ജില്ലാ കളക്ടർ ചേതൻകുമാർ മീണ സന്തോഷ് കുമാറിന് സർട്ടിഫിക്കറ്റും മെമൻ്റോയും നൽകി ആദരിച്ചു. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു, ആർ.ഡി.ഒ. ജിനു പുന്നൂസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കോട്ടയം താലൂക്ക് ഓഫീസിലെ സീനിയർ ക്ലർക്ക് കൂടിയായ സന്തോഷ് കുമാർ, താൻ വിതരണം ചെയ്ത 746 ഫോമുകൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിച്ചത് ഈ മേഖലയിലെ ജനങ്ങളുമായുള്ള അടുത്ത ബന്ധവും അവരുടെ സഹകരണവുമാണെന്ന് പ്രതികരിച്ചു.






