മലപ്പുറം : കൊണ്ടോട്ടി നഗരത്തിലെ മത്സ്യ മൊത്തവിതരണ കേന്ദ്രത്തിലേക്ക് മീനുമായി എത്തിയ ലോറിയിൽനിന്ന് അഞ്ചു ലക്ഷത്തോളം രൂപ കവർന്ന കേസിൽ ഏഴു മാസത്തിനു ശേഷം പ്രതി പിടിയിൽ. ഇടുക്കി രാജകുമാരി കാരഞ്ചേരിയിൽ അനന്തു (26) ആണ് അറസ്റ്റിലായത്. താനാളൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയിൽ വ്യാപാര ആവശ്യത്തിനായി സൂക്ഷിച്ച പണമാണ് ഏപ്രിൽ 10ന് പുലർച്ചെ മോഷണം പോയത്. ലോറിയിൽ ഒരു മാസമായി ക്ലീനർ ജോലിക്ക് എത്തിയതായിരുന്നു അനന്തു. എന്നാൽ, ഇയാളുടെ തിരിച്ചറിയൽ രേഖകൾ ഉണ്ടായിരുന്നില്ല.
പിന്നീട് മേൽവിലാസം പൊലീസിനു ലഭിച്ചെങ്കിലും ഇയാൾ വർഷങ്ങൾക്കു മുൻപേ വീടുവിട്ടതായി കണ്ടെത്തി. അന്വേഷണം തുടർന്ന പൊലീസ് കാസർകോട്ടുനിന്നാണ് ഇയാളെ പിടികൂടിയത്. വിവിധയിടങ്ങളിൽ താമസിച്ചു തട്ടിപ്പു നടത്തി ആഡംബരത്തോടെ ജീവിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി.എം.ഷമീർ, എസ്ഐ വി.ജിഷിൽ, സ്ക്വാഡ് അംഗങ്ങളായ അമർനാഥ്, ഋഷികേശ്, സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ അബ്ദുല്ല ബാബു, ലക്ഷ്മണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




