തിരുവനന്തപുരം: ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ ബസിടിച്ച് വയോധികയ്ക്ക് ഗുരുതരപരിക്ക്. കടയ്ക്കാവൂർ സ്വദേശി ഓമനയ്ക്കാണ് (70) പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ബസ് സ്റ്റാൻഡിനുള്ളിലൂടെ നടന്നുപോകുമ്പോൾ സ്വകാര്യ ബസിടിക്കുകയായിരുന്നു. നിലത്തുവീണ ഓമനയുടെ കാലുകളിൽക്കൂടി ബസിന്റെ ചക്രം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഓമനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ-വർക്കല റൂട്ടിലോടുന്ന അജിമോൻ ബസാണ് അപകടത്തിനിടയാക്കിയത്.
ബസും ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് സ്റ്റാൻഡിനുള്ളിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. 21-ന് രാവിലെ 11.30 ന് സ്റ്റാൻഡിനുള്ളിൽ സ്വകാര്യബസിടിച്ച് കീഴാറ്റിങ്ങൽ ശങ്കരമംഗലം അജിനികേതനിൽ നിർമല (75) മരിച്ചു. സ്വകാര്യബസുകൾ അപകടം വിതയ്ക്കുന്നത് പതിവാകുന്നു. നഗരപ്രദേശത്തും ബസ് സ്റ്റാൻഡിനുള്ളിലും സ്വകാര്യബസുകൾ അപകടം വിതയ്ക്കുന്നത് പതിവാകുന്നു.
2024 ജനുവരി 26 ന് കച്ചേരി ജംഗ്ഷനിൽ സ്വകാര്യ ബസിടിച്ച് കൊടുമൺ സ്വദേശിയായ വയോധികൻ മരിച്ചു. 2024 മാർച്ച് ആറിന് ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യബസ് കാലിൽ കയറി വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. 2024 സെപ്റ്റംബർ 19 ന് മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം പാലസ് റോഡിൽ വയോധികയുടെ ശരീരത്തിൽ ബസ് കയറിയിറങ്ങി. ചികിത്സയിലിരിക്കെ മരിച്ചു.
2024 നവംബർ 27 ന് പാലസ് റോഡിൽ ടൗൺ യുപിസ്‌കൂൾ ജംഗ്ഷനിൽ സ്വകാര്യബസിടിച്ച് ആറ്റിങ്ങൽ ഗവ.ബിഎച്ച്എസ്എസിലെ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. 2025 മാർച്ച് 15-ന് കച്ചേരിജങ്ഷനിൽ സിഗ്നൽ കാത്തുനിന്ന ഭിന്നശേഷിക്കാരൻ സ്വകാര്യബസിടിച്ച് മരിച്ചു.
അപകടങ്ങൾ തുടർക്കഥയായിട്ടും സ്വകാര്യബസുകളുടെ വേഗം നിയന്ത്രിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. അശ്രദ്ധയും അതിവേഗവുമാണ് നഗരത്തിലുണ്ടായിട്ടുള്ള അപകടങ്ങൾക്കെല്ലാം ഇടയാക്കിയിട്ടുള്ളത്. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും അധികൃതർ മൗനത്തിലാണ്.










