കോട്ടയം: നീണ്ടൂർ പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും വഴിയോരങ്ങളും സാമൂഹികവിരുദ്ധ സംഘങ്ങളുടെ പിടിയിൽ. മാലിന്യം തള്ളലും പതിവാകുന്നതായി പരാതി. നാലുമണിക്കാറ്റ്, കൈപ്പുഴക്കാറ്റ്, കല്ലറക്കാറ്റ് തുടങ്ങിയ പേരുകളിൽ നീണ്ടൂരിലെ ഗ്രാമീണ ടൂറിസം മേഖലകളിലാണ് സാമൂഹികവിരുദ്ധർ കയ്യടക്കിയിരിക്കുന്നത്.
അർദ്ധരാത്രി കഴിഞ്ഞാൽ വിവിധ സ്ഥലങ്ങളിൽ നിന്നാണ് മദ്യപസംഘങ്ങൾ ഇവിടെ എത്തുന്നത്. മദ്യപാനത്തിനു ശേഷം കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും പാടശേഖരത്തിൽ വലിച്ചെറിയുകയാണ് പതിവ്.
ഈ മേഖലയിലെ ടൂറിസം കേന്ദ്രത്തിലേക്കുള്ള പാതയോരങ്ങളും മാലിന്യംതള്ളൽ കേന്ദ്രമായി മാറി. മുടക്കാലി പാടശേഖരത്തിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ നിലയിലാണ്. ശുചിമുറി മാലിന്യം, ഹോട്ടൽ മാലിന്യം, കശാപ്പ് അവശിഷ്ടങ്ങൾ, ഗാർഹിക മാലിന്യം തുടങ്ങിയവ രാത്രിയുടെ മറവിൽ ഇവിടെ എത്തിച്ച് തള്ളുന്നതും പതിവാണ്.
വിശാലമായ പാടശേഖരങ്ങളുടെ മനോഹാരിതയിലാണു നീണ്ടൂരിലെ ഉൾനാടൻ ടൂറിസം നിലനിൽക്കുന്നത്. പാടശേഖരങ്ങളുടെ പച്ചപ്പും, ആമ്പൽവസന്തവുമാണ് പ്രധാന ആകർഷണം.




