തൃശ്ശൂർ : എരുമപ്പെട്ടി ചിറ്റണ്ടയിലെ ബൈക്ക് വർക്ക്ഷോപ്പിൽ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടുത്തത്തിൽ ഗുരുതരമായ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ദേശമംഗലം സ്വദേശിയായ യുവാവ് മരിച്ചു. ദേശമംഗലം ഗ്രാമപഞ്ചായത്തിന്റെ 11-ാം വാർഡിൽ മേലെ തലശ്ശേരി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന അത്താണിക്കൽ വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ഫാരിസ് (22) ആണ് മരിച്ചത്.
സംഭവം കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്കായിരുന്നു. ജോലിചെയ്യുന്ന വർക്ക്ഷോപ്പിൽ കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് തീപ്പൊരി പടർന്നു അടുത്തിരുന്ന പെട്രോൾ കുപ്പിയെ തൊട്ടതോടെ വൻ തീപിടുത്തമായി. ഗുരുതരമായി പൊള്ളലേറ്റ ഫാരിസിനെ തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും 90 ശതമാനം പൊള്ളലേറ്റ് ഇന്ന് പുലർച്ചെ മരിച്ചു.










