തിരുവനന്തപുരം: കടലിൽ യുദ്ധക്കപ്പലുകൾ നിരന്നു. സന്ധ്യയാകും മുൻപേ മൂടൽ മഞ്ഞു പരന്ന കടലിൽ, കപ്പലിൽ നിന്നു പോർ വിമാനങ്ങൾ പറന്നുയർന്നു. ആകാശത്തെ ഹെലികോപ്റ്റർ മുതൽ കടലിനടിയിലെ സബ് മറീൻ വരെ നിരന്നപ്പോൾ ശംഖുമുഖത്തു കടൽക്കരുത്തിന്റെ വിസ്മയക്കാഴ്ചയൊരുങ്ങി.
ഡിസംബർ 3 ന് നടക്കുന്ന നാവികസേനാ ദിനാഘോഷത്തിന്റെ ഫുൾഡ്രസ് റിഹേഴ്സൽ കാഴ്ചക്കാരിൽ ആവേശമുയർത്തി. നാളെയാണ് അവസാനവട്ട ഫുൾഡ്രസ് റിഹേഴ്സൽ നടക്കുക. 3 ന് വൈകിട്ട് 4.15 ന് രാഷ്ട്രപതി ദ്രൗപതി മുർമു വിശിഷ്ടാതിഥിയായി എത്തുമ്പോൾ കാണാൻ പോകുന്ന പൂരത്തിന്റെ സാംപിൾ വെടിക്കെട്ടായിരുന്നു ഇന്നലെ ശംഖുമുഖം തീരത്തു നടന്നത്.
3 ന് നടക്കുന്ന നാവികസേനാ ദിനാഘോഷവും നാളെ നടക്കുന്ന 4.30 ന് നടക്കുന്ന റിഹേഴ്സലും കാണാനെത്തുന്ന പൊതുജനങ്ങൾ വൈകിട്ട് 4 ന് മുൻപ് നിർദേശിച്ചിരിക്കുന്ന പാർക്കിങ് ഗ്രൗണ്ടുകളിലെത്തി കെഎസ്ആർടിസി ബസുകളിൽ വെട്ടുകാട് ഭാഗത്ത് എത്തണം.
പരിപാടി കാണാൻ 12 വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടു വരുന്നത് പരമാവധി ഒഴിവാക്കണം. വേളി ടൂറിസ്റ്റ് വില്ലേജിന് സമീപമുള്ള വേളി ഡിടിപിസിയുടെ ഗ്രൗണ്ടിൽ കെഎസ്ആർടിസി വാഹനങ്ങൾക്കു മാത്രമായിരിക്കും പാർക്കിങ് അനുവദിക്കുക.






