കോഴിക്കോട്: കൊയിലാണ്ടി എം.എൽ.എയും കോഴിക്കോട് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഖബറടക്കം ഡിസംബർ രണ്ടിന് അത്തോളി കുനിയിൽക്കടവ് ജുമാ മസ്ജിദിൽ. ചൊവ്വാഴ്ച രാവിലെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും ശേഷം കൊയിലാണ്ടി ടൗൺഹാളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.
മലബാറിൽ നിന്നുള്ള ആദ്യ മുസ്‍ലിം വനിത എം.എൽ.എയാണ്. 2021ൽ കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ നിന്നാണ് എൽ.ഡി.എഫ് പ്രതിനിധിയായി നിയമസഭയിലെത്തിയത്. രണ്ടു തവണ കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, തലക്കുളത്തുർ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ച ശേഷമാണ് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മന്ത്രി മുഹമ്മദ് റിയാസ് , എം.കെ.രാഘവൻ എംപി, കെ.കെ.രമ എംഎൽഎ തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.



