മലപ്പുറം : പെരിന്തൽമണ്ണ ആനമങ്ങാട് അപകടം പതിവായ കൃഷ്ണണപ്പടി വളവിൽ ശനിയാഴ്ച ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. മംഗലാപുരത്തുനിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ വളവിൽ മറിഞ്ഞത്. കയറ്റവും വളവും ഒരുമിച്ചുവരുന്ന ഈ ഭാഗത്ത് അമിതവേഗത്തിൽവന്ന കാറിൽനിന്ന് വെട്ടിച്ചുമാറ്റുമ്പോൾ ടാങ്കർ ലോറി മറിയുകയായിരുന്നു.
ടാങ്കർ ലോറി വേഗത കുറവായതിനാലാണ് വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. വാഹനാപകടങ്ങളും അപകടമരണങ്ങളും പതിവായ ഇവിടെ റോഡരികിൽ ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡുകളില്ലെന്ന് നാട്ടുകാർ പറയുന്നു. പെരിന്തൽമണ്ണ, തിരൂർ അഗ്നിരക്ഷാ യൂണിറ്റും പെരിന്തൽമണ്ണ പോലീസും സ്ഥലത്തെത്തി.
രാമനാട്ടുകരയിൽനിന്ന് വലിയ ക്രെയിൻ എത്തിച്ച് ശനിയാഴ്‌ച രാത്രിയോടെ ടാങ്കർ നീക്കംചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ സ്ഥലത്തെത്തി വാതകച്ചോർച്ച ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.അപകടത്തെത്തുടർന്ന് ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു.






