തൃശ്ശൂർ: ദശമി ദിനാചരണങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 9 മണിക്ക് ചെമ്പൈ സംഗീതമണ്ഡപത്തിൽ ഘനരാഗ പഞ്ചരത്നകീർത്തനാലാപനം നടന്നു. ദശമി ദിനത്തിൽ ചെമ്പൈ സംഗീതമണ്ഡപത്തിലെ സവിശേഷ തയാണ് ഘനരാഗ പഞ്ചരത്നകീർത്തനാലാപനം. കർണ്ണാടക സംഗീത ചക്രവർത്തിയായിരുന്ന ത്യാഗരാജ സ്വാമികളാൽ വിരചിതമാണ് പഞ്ചരത്നകീർത്തനങ്ങൾ.
നാട്ട, ഗൗള, ആരഭി, വരാളി, ശ്രീരാഗം എന്നീ ഘനരാഗങ്ങൾ ആദി താളത്തിൽ പെയ്തിറങ്ങിയപ്പോൾ സംഗീതാസ്വാദകർ വലിയ തോതിൽ പങ്കെടുത്തു. നാട്ട രാഗത്തിലെ ജഗദാനന്ദ കാരക, ഗൗള രാഗത്തിലെ ദുഡുകു ഗല, ആരഭി രാഗത്തിലെ സാധിൻചെനെ, വരാളി രാഗത്തിലെ കനകന രുചിര, ശ്രീരാഗത്തിലെ എന്തരോ മഹാനുഭാവ, ഈ അഞ്ച് കൃതികളാണ് ഘനരാഗ പഞ്ചരത്നങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്.
ആലാപനത്തിന് തുടക്കം കുറിച്ചത് സൗരാഷ്ട്ര രാഗത്തിലുള്ള ഗണപതി സ്തുതിയോടെയായിരുന്നു. ഏകാദശി നാദോപാസനയുടെ ഭാഗമായി ചെമ്പൈ സ്വാമികൾ തന്റെ ശിഷ്യരോടൊപ്പം നടത്തിവന്ന പഞ്ചരത്ന കീർത്തനാലാപനത്തിൻ്റെ തുടർച്ചയാണ് ദശമിനാളിലെ ഈ സംഗീതാർച്ചന.






