കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായി. ബോര്‍ഡുകളും പോസ്റ്ററുകളും നിരന്നു. ക്ഷേത്രങ്ങള്‍, പള്ളികള്‍, വിദ്യാലയങ്ങള്‍, കടകള്‍, വായനശാലകള്‍, വിവിധ തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്‍ഥിക്കുന്നത് കാണാം. വെള്ളിയാഴ്ചജുമ നമസ്‌കാരത്തിന് ശേഷം പുറത്തിറങ്ങിയവരെ കാണാനും വോട്ട് അഭ്യര്‍ഥിക്കാനും സൗഹൃദം പുതുക്കാനും മൂന്നണിഭേദമന്യെ സ്ഥാനാര്‍ഥികളെത്തി. ക്ഷേത്രോത്സവത്തിനിടയിലും സ്ഥാനാര്‍ഥികളുടെ സാന്നിധ്യമുണ്ട്.
പരിചയം പുതുക്കാനും പുതിയവരെ പരിചയപ്പെടാനും അതോടൊപ്പം വോട്ടുറപ്പിക്കാനും ശ്രമം തുടരുകയാണ്. കുന്നുമ്മല്‍ 15-ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി എലിയാറ ആനന്ദന്‍ വട്ടോളിപള്ളിക്കു സമീപമെത്തി വോട്ടഭ്യര്‍ഥിച്ചു. 15ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇല്ലത്ത് പ്രേമനും കഴിഞ്ഞ ദിവസം വോട്ട് തേടി പള്ളിക്ക് സമീപമെത്തി.സ്ഥാനാര്‍ഥികളെല്ലാം നിറചിരിയോടെ വോട്ടര്‍മാരോട് സല്ലപിക്കുകയാണ്. വാര്‍ഡ് തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടും വിലയേറിയതിനാല്‍ നേരിട്ട് കണ്ട് തന്നെ വോട്ട് തേടുന്നു. ഇളകുന്ന വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥിയും കൂട്ടരും.




