കോട്ടയം : വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിൽ, വോട്ടവകാശം വിനിയോഗിക്കാൻ അന്യ സംസ്ഥാന തൊഴിലാളികൾ. ജില്ലയിൽ വോട്ടുള്ളത് മുന്നൂറ് അതിഥി തൊഴിലാളികൾക്കെന്നാണു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കണക്ക്. മലയാളി യുവതികളെ വിവാഹം ചെയ്ത് കുടുംബമായി താമസിക്കുന്നവരാണ് ഇതിൽ പലരും.
ഇവർക്ക് വോട്ടുണ്ടെന്ന് അറിഞ്ഞതോടെ ഏതുവിധേനയും കൂടെ നിർത്താനുള്ള ഓട്ടത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. മലയാളികളായ ഭാര്യമാരെയും അവരുടെ ബന്ധുക്കളെയും നേരിൽക്കണ്ടാണ് നേതാക്കൾ വോട്ടഭ്യർഥിക്കുന്നത്. വോട്ടുള്ളതിൽ ഭൂരിഭാഗവും ബിഹാർ, ബംഗാൾ, ജാർഖണ്ഡ് സ്വദേശികളാണ്. നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ ഓഫ് കേരള (എഐടിയുസി)യുടെ ഭാഗമായി പ്രവർത്തിക്കുന്ന മുപ്പതു അതിഥിത്തൊഴിലാളികൾക്ക് ജില്ലയിൽ വോട്ടവകാശമുണ്ടെന്നു സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ബോസ് പറയുന്നു.
കോട്ടയം ജില്ലയിൽ വോട്ടുള്ള അതിഥിത്തൊഴിലാളി വോട്ടർമാരുടെ വിവരങ്ങൾ രാഷ്ട്രീയപാർട്ടികൾ ശേഖരിച്ചിട്ടുണ്ട്. ഇവരുടെ ജന്മനാട്ടിലെ രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ട് ഏത് പാർട്ടിയുമായാണ് അടുപ്പമെന്നത് അടക്കം പരിശോധിച്ച സ്ഥാനാർഥികളുണ്ട്.
വോട്ടവകാശം വിനിയോഗിക്കുന്നതിന് അതിഥിത്തൊഴിലാളി വോട്ടർമാർക്കായി പ്രത്യേക ക്യാംപുകൾ നടത്തുമെന്നു തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അവയർനെസ് പ്രോഗ്രാം ചുമതല വഹിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, അസിസ്റ്റന്റ് ഡയറക്ടർ ഷറഫ് പി.ഹംസ എന്നിവർ അറിയിച്ചു.




