കോഴിക്കോട്: ത്രിതല പഞ്ചായത്തുകളിൽ പോസ്റ്റൽ ബാലറ്റിനായി മൂന്ന് അപേക്ഷകളും പൂരിപ്പിച്ച്, ഉത്തരവിന്റെ പകർപ്പോടുകൂടി ഒറ്റ കവറിൽ സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
അപേക്ഷ ഏത് ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തിലെ ഉദ്യോഗസ്ഥന്മാർക്കും നൽകാം.
നഗരസഭകളിൽ വോട്ടർ ഉൾപ്പെടുന്ന വാർഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് പോസ്റ്റൽ ബാലറ്റ് അപേക്ഷ നൽകേണ്ടത്. നഗരസഭകളിൽ ഒരു അപേക്ഷ മതി.അപേക്ഷയിൽ സമ്മതിദായകന്റെ പേര്, പോസ്റ്റൽ വിലാസം, വോട്ടർ പട്ടിക ക്രമനമ്പർ, ഭാഗം (വിഭാഗം) നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തണം.
ജില്ലാപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംബന്ധിച്ച പോസ്റ്റൽ ബാലറ്റുകൾ ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥനും, ഗ്രാമപഞ്ചായത്തുകളുടെ ബാലറ്റുകൾ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥനും ആണ് സമ്മതിദായകർക്ക് അയയ്ക്കുക. മൂന്ന് തലങ്ങളുടെ ബാലറ്റ് പേപ്പറുകളും രേഖകളും കവറുകളും ഒന്നിച്ചായിരിക്കും അയക്കുക.
പരിശീലന കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ലഭിച്ചോ ലഭിക്കാനിരിക്കുന്നതോ ആയ അപേക്ഷകൾ ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി തുടർനടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.വോട്ടെണ്ണൽ ദിവസം രാവിലെ 8 മണിക്ക് മുമ്പായി ലഭ്യമാകുന്നവിധം പോസ്റ്റൽ ബാലറ്റുകൾ സമയബന്ധിതമായി അയയ്ക്കണമെന്നും നിർദേശം നൽകി.




