കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഉള്ളേരി ജില്ലാ ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി റിമ കുന്നുമ്മലിനെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പരാതി നൽകി. കാവുന്തറ എയുപി സ്കൂളിലെ ക്ലാസ് മുറികളിൽ നേരിട്ടെത്തി വിദ്യാർത്ഥികളോട് വോട്ടഭ്യർത്ഥിച്ചുവെന്നാണ് പരാതി.സ്കൂൾ അധികൃതരുടെ ഒത്താശയോടെയാണ് സ്ഥാനാർത്ഥി പ്രചാരണം നടത്തിയതെന്ന് ആക്ഷേപമുണ്ട്.
വോട്ട് ചെയ്യാൻ പ്രായമാകാത്ത പിഞ്ചുകുട്ടികളോട് വീട്ടുകാർക്ക് കോണി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ നിർദേശം നൽകണമെന്ന് സ്ഥാനാർത്ഥി ആവശ്യപ്പെട്ടതായാണ് വിവരം. ചിഹ്നം മറക്കരുതെന്ന് ഓർമ്മിപ്പിക്കുകയും, കുട്ടികളെക്കൊണ്ട് പലതവണ ‘കോണി’ എന്ന് ഏറ്റുപറയിപ്പിക്കുകയും ചെയ്തതായും ആരോപണമുയർന്നിട്ടുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതും കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായി വിലക്കിയിട്ടുണ്ട്. ഈ ചട്ടങ്ങളുടെ ലംഘനമാണ് സ്കൂൾ അധികൃതരുടെ സഹായത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി നടത്തിയതെന്ന് എൽഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടി






