കോഴിക്കോട്: “ജനപക്ഷ വികസനം, അഴിമതിരഹിത ഭരണം, എല്ലാവർക്കും വേണ്ടി എൽഡിഎഫ്” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എൽഡിഎഫ് ഫറോക്ക് നഗരസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. നഗരസഭയുടെ സമഗ്ര വികസനമാണ് പത്രിക ലക്ഷ്യമിടുന്നത്.സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം. ഗിരീഷ് പ്രകടന പത്രിക പ്രകാശിപ്പിച്ചു. എൽഡിഎഫ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.ടി.എ. മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുന്നണി നേതാക്കളും പങ്കെടുത്തു.
ഫറോക്ക് നഗരസഭയിൽ ജനകീയവും സുതാര്യവുമായ ഭരണം കാഴ്ചവയ്ക്കുന്നതിനാണ് എൽഡിഎഫ് ഊന്നൽ നൽകുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി. മുന്നണി നേതാക്കളായ യു. സുധർമ, വിജയകുമാർ പൂതേരി, കെ.എസ്. ജലാലുദ്ദീൻ തങ്ങൾ, കെ.ബി. ഷാ, കെ.ടി. മുരളീധരൻ, എം. സമീഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.മുനിസിപ്പൽ കൺവീനർ സി. ഷിജു സ്വാഗതവും, കെ. ഷെഫീഖ് നന്ദിയും പറഞ്ഞു. നഗരസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായ ജനവിധി ഉണ്ടാകുമെന്ന ആത്മവിശ്വാസം നേതാക്കൾ പങ്കുവെച്ചു.






