ലക്‌നൗ: മലയാളം ഉള്‍പ്പെടെ ആറ് പുതിയ പ്രാദേശിക ഭാഷകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തര്‍പ്രദേശ്. തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, മറാത്തി, ബംഗാളി എന്നീ പ്രാദേശിക ഭാഷകളെയാണ് വൊക്കേഷണല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
വാരണാസിയില്‍ നടന്ന കാശി തമിഴ് സംഗമം 4.0യുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളെ അവരുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.’ യോഗി ആദിത്യനാഥ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഇവയില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ കഴിയും.
പഠനച്ചെലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. യുവ വിദ്യാര്‍ത്ഥികളില്‍ ഭാഷാപരമായ അവബോധം വളര്‍ത്തിയെടുക്കുന്നതിലൂടെ സാംസ്‌കാരിക ഐക്യം ശക്തിപ്പെടുകയും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള ബന്ധം വളരുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഇന്ത്യയുടെ സാംസ്‌കാരിക പുനരുജ്ജീവനത്തിന്റെ പ്രതീകമായി കാശി തമിഴ് സംഗമം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
ഉത്തര്‍പ്രദേശും തമിഴ്നാടും തമ്മിലുള്ള സാംസ്‌കാരികവും ആത്മീയവുമായ ബന്ധത്തെക്കുറിച്ച് സംസാരിച്ച യുപി മുഖ്യമന്ത്രി സംസ്ഥാനത്ത് നിന്ന് ആയിരക്കണക്കിന് ഭക്തര്‍ എല്ലാ വര്‍ഷവും രാമേശ്വരം, മധുര, കന്യാകുമാരി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നുണ്ടെന്നും ഇവിടങ്ങളിലേയ്ക്ക് പ്രത്യേക യാത്രാ പാക്കേജുകള്‍ ടൂറിസം വകുപ്പ് അവതരിപ്പിക്കുമെന്നും അറിയിച്ചു.






