മലപ്പുറം: പൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമാണ റാക്കറ്റ് പിടിയിൽ. ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമായി ഏജന്റുകൾ മുകേന 75000 മുതൽ ഒന്നര ലക്ഷം വരെ ഈടാക്കിയാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് വിതരണം ചെയ്തിരുന്നത്. ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റി കളുടെ മുദ്രകളോട് കൂടിയാണ് ഇവർ സർട്ടിഫിക്കറ്റുകൾ നിർമിച്ച് ആളുകളിലേക്ക് എത്തിച്ചു നൽകിയിരുന്നത്.
മാർക്ക് ലിസ്റ്റുകൾ, കോൺടാക്ട് സർട്ടിഫിക്കറ്റുകൾ, റെക്കമെന്റേഷൻ സർട്ടിഫിക്കറ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മറ്റ് പ്രൊഫഷണൽ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ പിടിയിലായ സംഘത്തിൽ നിന്നും പിടിച്ചെടുത്തു. നിലവിൽ പത്തോളം പേരാണ് അറസ്റ്റിൽ ആയിട്ടുള്ളത്.
ഒരു മാസം മുൻപ് ജില്ലാ പോലീസ് മേധാവി ആർ വിഷ്ണു നാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പൊന്നാനി എസ് എച് ഒ എസ് അഷ്‌റഫിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. പോത്തനൂർ സ്വദേശി ആയ ഇർഷാദിനെ ദിവസങ്ങളോളം നിരീക്ഷിക്കുകയും, കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
മാർക്ക് ലിസ്റ്റുകൾ, കോൺടാക്ട് സർട്ടിഫിക്കറ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഇർഷാദ് ചമ്രവട്ടം ജംഗ്ഷനിൽ നടത്തുന്ന സ്ഥാപനത്തിൽ നിന്ന് പിടികൂടിയത്തോടെയാണ് കേസിന്റെ ചുരുളഴിയുന്നത്. ഇർഷാദിനെയും സഹായികളായ പുറത്തൂർ സ്വദേശി ആയ രാഹുൽ, തിരൂർ സ്വദേശി നിസാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു, ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ തിരുവനന്തപുരം മടക്കൂട്ട് സ്വദേശി ജസീം ആണ് സർട്ടിഫിക്കറ്റുകൾ എത്തിച്ചു നൽകുന്നതെന്ന് പോലീസ് കണ്ടെത്തി.
ഇയാളെ പിടികൂടി ചോദ്യം ചെയ്തതിന്റെയും കൂടുതൽ അന്വേഷണത്തിന്റെയും തുടർച്ചയായാണ് സംഘ തലവനായ ഡാനി എന്ന ആളാണ് സർട്ടിഫിക്കറ്റ് നിർമിച്ചു നൽകുന്നതെന്ന് കണ്ടെത്തിയത്. ഡാനി എന്നത് അയാളുടെ യഥാർത്ഥ പേരല്ലെന്നും കൂട്ടാളികളോട് പോലും ഇയാൾ ഇയാളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ലെന്നും കണ്ടെത്തി. തുടർന്ന് ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് ശിവകാശിയിലെ പ്രസ്സുകളിലാണ് ഈ സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യുന്നതെന്ന് വ്യക്തമായി.
ആ പ്രെസ്സുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഡാനി എന്നയാളെ പോലീസ് കണ്ടെത്തിയത്. പ്രെസ്സിലെ തൊഴിലാളികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡാനി എന്ന വ്യാജ നാമത്തിൽ സർട്ടിഫിക്കറ്റ് റാക്കറ്റ് നിയന്ത്രിക്കുന്നത് തിരൂർ സ്വദേശിയായ 37 വയസുകാരനായ ദനീം ആണെന്ന് വ്യക്തമായത്. ഇയാൾക്ക് പൂനെയിൽ രണ്ട് ബാറുകളും ഗൾഫിലും ഇന്ത്യയിലുമായി കോടികളുടെ ബിസിനസ്സും പ്രോപ്പർട്ടീസും ഉണ്ടെന്ന് പോലീസ് കണ്ടെത്തി.
അന്വേഷണം തന്നിലേക്കെത്തുന്നത് മനസ്സിലാക്കിയ പ്രതി കുടുംബത്തോടൊപ്പം വിദേശത്തേക്ക് യാത്ര ചെയ്യാൻ തീരുമാനിച്ച പ്രതിയെ എയർ പോർട്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടികൂടാൻ ശ്രമിച്ചെങ്കിലും, അത് മനസ്സിലാക്കിയ പ്രതി കർണാടകത്തിലേക്ക് കടക്കാൻ ശ്രമിച്ചു. കർണാടകയിലേക്കുള്ള യാത്രയ്ക്കിടെ കുന്നമംഗലം പോലീസിന്റെ സഹായത്തോടെ കുന്നമംഗലത്ത് വെച്ചാണ് പോലീസ് പിടികൂടിയത്.






