ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ പരിഷ്കാരങ്ങളും, വിസ നടപടി ക്രമങ്ങളും ഇന്ത്യക്കാർക്ക് എപ്പോഴും ഒരു തലവേദനയാണ്. ഈ നടപടികൾ ഇന്ത്യക്കാരുടെ യാത്രയിലും തൊഴിൽപ്രവേശനത്തിലും വലിയ രീതിയിലുളള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ഒരോ ദിവസവും അമേരിക്കയിലെ കുടിയേറ്റ നയങ്ങളിൽ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ പുതിയ നിർദ്ദേശവുമായി ട്രംപ് രംഗത്തുവന്നിട്ടുണ്ട്.
ഫാക്ട്-ചെക്കിംഗ്, കണ്ടൻ്റ് മോഡറേഷൻ, നിയമ പാലനം, ഓൺലൈൻ സുരക്ഷാ ജോലികൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ വിസ അപേക്ഷകൾ നിരസിക്കാൻ യുഎസ്. എംബസി ഉദ്യോഗസ്ഥർക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ പുതിയ വിസ നിയന്ത്രണങ്ങൾ ടെക് മേഖലയിലെ വിദേശ തൊഴിലാളികളെ, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ, കാര്യമായി ബാധിക്കുമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് മെമ്മോയിൽ നിന്ന് വ്യക്തമാക്കുന്നത്.
ഇന്ത്യൻ ടെക് തൊഴിലാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിസ വിഭാഗമാണ് എച്ച്-1ബി വിസ. ഈ പുതിയ നിയമപ്രകാരം, എച്ച്-1ബി വിസ അപേക്ഷകർക്ക് അവരുടെ മുൻ ജോലിയുടെ അടിസ്ഥാനത്തിൽ വിസ നിഷേധിക്കപ്പെടാൻ സാധ്യതയുണ്ട്.
പുതിയ നിർദ്ദേശം പ്രകാരം, യുഎസിന്റെ പ്രതികരണങ്ങളെ സെൻസർഷിപ്പ് ചെയ്യുന്നതിനോ അല്ലെങ്കിൽ സെൻസർഷിപ്പ് ചെയ്യാൻ ശ്രമിക്കുന്നതിനോ ഉത്തരവാദികളായതോ അതിന് കൂട്ടുനിന്നവരോ ആയ ആർക്കും വിസ നൽകേണ്ടതില്ലെന്ന് കോൺസുലർ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇത് മാധ്യമപ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും ഉൾപ്പെടെ എല്ലാ തരം വിസകൾക്കും ഈ നിർദ്ദേശം ബാധകമാണ്.
എങ്കിലും, ടെക്നോളജി, സോഷ്യൽ മീഡിയ മേഖലകളിലെ വിദഗ്ദ്ധർക്ക് നൽകുന്ന എച്ച്-1ബി വിസകളെയാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്. അപേക്ഷകരുടെ പ്രൊഫഷണൽ ചരിത്രങ്ങൾ, ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ ഫാക്ട് ചെക്ക്, കണ്ടൻ്റ് മോഡറേഷൻ, നിയമ പാലനം തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളിത്തമുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കും. ഇത്തരം ജോലികളിൽ പ്രവർത്തിച്ചതായി തെളിഞ്ഞാൽ, അത് വിസ ലഭിക്കാതിരിക്കാൻ കാരണമായേക്കാം.
എച്ച്-1ബി വിസ ഉടമകളിൽ ഏകദേശം 70 ശതമാനം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. കണ്ടൻ്റ് മോഡറേഷൻ, ഫാക്ട് ചെക്കിംഗ്, ഓൺലെെൻ സേഫ്റ്റി ജോലികൾ എന്നിവ യുഎസ് ടെക് കമ്പനികൾ ഉൾപ്പെടെ പല കമ്പനികളും വിദേശത്ത് നിന്ന്, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്ന്, വലിയ തോതിൽ ഔട്ട്സോഴ്സ് ചെയ്യുന്ന റോളുകളാണ്. ഈ പുതിയ നയം ആയിരക്കണക്കിന് ഇന്ത്യൻ ടെക് പ്രൊഫഷണലുകളുടെ യു.എസ്. ജോലിയിലെ അവസരങ്ങളെ ബാധിക്കാനുള്ള സാധ്യതയുണ്ട്.
അമേരിക്കൻ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് ട്രംപ് ഭരണകൂടം വാദിക്കുന്നത്. അമേരിക്കക്കാരെ സെൻസർ ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശികൾക്കെതിരെ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഭരണകൂടം പ്രതിരോധിക്കുമെന്ന് വ്യക്തമാക്കുന്നു.
അതേസമയം,ട്രസ്റ്റ് ആൻഡ് സേഫ്റ്റി ജോലികളെ ‘സെൻസർഷിപ്പ്’ ആയി കണക്കാക്കുന്നതിനെതിരെ ശക്തമായ ആശങ്ക ഉയർത്തിയിട്ടുണ്ട്. ട്രസ്റ്റ് ആൻഡ് സേഫ്റ്റി എന്നത് കുട്ടികളെ ലൈംഗിക ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ തടയുക, തട്ടിപ്പുകൾ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവ തടയുക തുടങ്ങിയ ജീവൻ രക്ഷിക്കുന്ന നിർണായക ജോലികൾ ഉൾപ്പെടുന്ന വിശാലമായ മേഖലയാണ്.
ആഗോള തൊഴിലാളികൾ അമേരിക്കക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു എന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഈ നയം, കണ്ടൻ്റ് റെഗുലേഷനും രാഷ്ട്രീയ പക്ഷപാതിത്വവും തമ്മിലുള്ള അതിർവരമ്പ് അവ്യക്തമാക്കുമെന്നും, നിയമപരവും സാങ്കേതികപരവുമായ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് വിസ നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും വിമർശനമുണ്ട്.
അമേരിക്കയുടെ ഈ പുതിയ നയം ഇന്ത്യക്കാർക്ക് വലിയ തിരിച്ചടിയായി മാറുകയാണ്. പ്രത്യേകിച്ച് ടെക് മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും അവരുടെ കരിയർ അവസരങ്ങൾ പരിമിതമാക്കുന്ന വിധത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.







