തൃശ്ശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രചാരണ സാമഗ്രികള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ബാനറുകള്‍, പോസ്റ്ററുകള്‍, ഫ്ലക്‌സ് ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രചാരണ സാമഗ്രികളും വൈകാതെ നീക്കം ചെയ്യണം.
നിശ്ചിത സമയത്തിനുള്ളില്‍ ഇവ നീക്കം ചെയ്യാത്ത പക്ഷം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ സാമഗ്രികള്‍ നീക്കം ചെയ്യും. ഇതിനായി വരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥികളില്‍ നിന്ന് ഈടാക്കുകയും അത് അവരുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് സ്ഥാനാര്‍ഥികളോടും രാഷ്ട്രീയ പാര്‍ട്ടികളോടും കമ്മീഷന്‍ നിര്‍ദേശിച്ചു.




