തൃശ്ശൂർ: കാലടി–മലയാറ്റൂർ–അതിരപ്പിള്ളി–അഴീക്കോട്–മുസരിസ്–തിരുമൂഴിക്കുളം എന്നിവയെ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത സാംസ്കാരിക–തീർത്ഥാടന–പ്രകൃതി ടൂറിസം സർക്യൂട്ട് കേന്ദ്ര സർക്കാരിന്റെ സ്പെഷ്യൽ ടൂറിസം സർക്യൂട്ട് സ്കീമിൽ ഉൾപ്പെടുത്തണമെന്ന് ബെന്നി ബഹനാൻ എംപി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് നെ നേരിൽ കണ്ട് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടി, മലയാറ്റൂർ തീർത്ഥാടന കേന്ദ്രം ,അതിരപ്പിള്ളി വെള്ളച്ചാട്ടം, കൊടുങ്ങല്ലൂർ ക്ഷേത്രം, അഴീക്കോട് തീരം, ചരിത്രപ്രാധാന്യമുള്ള മുസ രിസ്, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം എന്നിവയെ ബന്ധിപ്പിക്കുന്ന ഈ സർക്യൂട്ട് ആത്മീയ–സാംസ്കാരിക–പ്രകൃതി ടൂറിസത്തിന്റെ സമന്വയം ലക്ഷ്യമിടുന്നതാണ്.
കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തെ കേന്ദ്രമാക്കി റോഡ്–റെയിൽ–വിമാന ബന്ധം ശക്തിപ്പെടുത്തി പ്രാദേശിക വികസനത്തിനും തൊഴിൽ സൃഷ്ടിക്കും വഴിയൊരുക്കുന്ന പദ്ധതിക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക പിന്തുണ നൽകണമെന്നും പ്രസാദ് / സ്വദേശ് ദർശൻ പദ്ധതികളിൽ ഉൾപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ബെന്നി ബഹനാൻ എം പി ആവശ്യപ്പെട്ടു.
പദ്ധതി അനിവാര്യമാണെന്നും ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ വരുന്ന ബജറ്റിൽ ഉൾക്കൊള്ളിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി എം പി ക്ക് ഉറപ്പ് നൽകി.






